‘വിദേശത്ത് ഇരുന്ന് ഇന്ത്യയിലെ അജണ്ടകള്‍ സെറ്റ് ചെയ്യുന്നു’; വിദേശ എക്‌സ് ഹാന്‍ഡിലുകള്‍ ഉയര്‍ത്തി കോണ്‍ഗ്രസിനെതിരെ ബിജെപി
ന്യൂഡൽഹി: യു.എസ്, സിംഗപ്പൂർ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് കോൺഗ്രസ് ഇന്ത്യയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപണവുമായി ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. വിദേശ അക്കൗണ്ടുകൾ വഴി ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ പരിഹസിക്കാനും രാജ്യത്തെ അപമാനിക്കാനും കോൺഗ്രസ് വ്യക്തമായ രീതി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സംഘം ഇത്തരം പ്രചാരണത്തിലൂടെ ഇന്ത്യയെ അപമാനിക്കുന്നതിൽ പങ്കാളികളാണെന്നും പത്ര ആരോപിച്ചു. “രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, അദ്ദേഹം വിദേശത്ത് നിന്നാണ് ഈ പണികളെല്ലാം എടുക്കുന്നത്,”-പത്ര തുടര്‍ന്നു.
ചില കോൺഗ്രസ് അക്കൗണ്ടുകളുടെ വിദേശ ബന്ധങ്ങൾ ബി.ജെ.പി എടുത്തു കാണിച്ചു: മുതിർന്ന കോൺഗ്രസ് നേതാവായ പവൻ ഖേരയുടെ എക്സ് അക്കൗണ്ട് യു.എസിലാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്ര കോൺഗ്രസ് അക്കൗണ്ട് അയർലൻഡിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. ഇതെല്ലാം ഇപ്പോൾ ഇന്ത്യയിലേക്ക് മാറ്റിയെന്നും, ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ അക്കൗണ്ടിന് തായ്‌ലൻഡിലെ ആൻഡ്രോയിഡ് ആപ്പ് വഴിയാണ് ബന്ധമുള്ളതെന്നും സംബിത് പത്ര ആരോപിച്ചു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, പശ്ചിമേഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഇരുന്ന് കോൺഗ്രസ് അനുകൂലികൾ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു. ‘വോട്ട് ചോരി’, ‘ഓപ്പറേഷൻ സിന്ദൂർ’ തുടങ്ങിയ ആഖ്യാനങ്ങൾ സൃഷ്ടിക്കാൻ വിദേശത്തെ ആളുകളെ ഉപയോഗിക്കുന്നുവെന്നും പത്ര അവകാശപ്പെട്ടു.
ബി.ജെ.പിയുടെ ആരോപണങ്ങളെ ‘വഴിതിരിച്ചുവിടൽ തന്ത്രം’ എന്ന് പറഞ്ഞ് കോൺഗ്രസ് തള്ളിക്കളഞ്ഞു. ബി.ജെ.പി ഗുജറാത്ത് ഘടകത്തിന്റെ എക്‌സ് ഹാൻഡിൽ അയർലണ്ടിൽ നിന്ന് പ്രവർത്തിക്കുന്നത് എങ്ങനെയാണ് രാജ്യത്തിനെതിരായ ഗൂഢാലോചനയാകുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.