‘പൂജ്യം വീട്ടുനമ്പര്‍ എവിടെനിന്ന് കിട്ടി? വ്യാജ വോട്ടര്‍മാരെ എങ്ങനെ പിടികൂടും?’; ഗ്യനേഷ് കുമാറിനോട് ചോദ്യങ്ങളുമായി എസ്.വൈ ഖുറേഷി
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വോട്ടർമാർക്ക് ’00’ എന്ന വീട്ടുനമ്പർ നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി. ഈ നടപടി വൻതോതിലുള്ള ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എവിടെ നിന്നാണ് ഇത്തരമൊരു ആശയം കിട്ടിയതെന്ന് അറിയില്ല. ഇങ്ങനെ പൂജ്യം നമ്പര്‍ നല്‍കിയാല്‍ വ്യാജ വോട്ടര്‍മാരെ എവിടെ പോയി കണ്ടെത്തുമെന്നും ഖുറേഷി ചോദിച്ചു.
കമ്പ്യൂട്ടറില്‍ വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ വീട്ടുനമ്പർ എന്ന കോളത്തിൽ എന്തെങ്കിലും രേഖപ്പെടുത്തേണ്ടത് നിർബന്ധമാണെന്നും, അതിനാലാണ് നമ്പർ ഇല്ലാത്തവർക്ക് ’00’ നൽകുന്നതെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വാദിച്ചിരുന്നത്. കൂടാതെ, ‘ഗോസ്റ്റ് വോട്ടർമാരെ’ (മരിച്ചവരും സ്ഥലം മാറിപ്പോയവരും) ഒഴിവാക്കാനും പട്ടിക ശുദ്ധീകരിക്കാനും ഇത്തരം കർശന നടപടികൾ ആവശ്യമാണെന്നും കമ്മീഷൻ വാദിച്ചിരുന്നു.
എന്നാല്‍, ഈ വിഷയത്തിൽ സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറുമായി ബന്ധപ്പെട്ട ഒരു പഴയ അനുഭവവും ഖുറേഷി പങ്കുവെച്ചു. താൻ കമ്മീഷണറായിരുന്ന കാലത്ത്, ഭവനരഹിതരായ ആളുകൾക്ക് വോട്ടാവകാശം നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹർഷ് മന്ദർ തന്നെ സമീപിച്ചിരുന്നു. വീടില്ലാത്തവർക്ക് അഡ്രസ്സ് പ്രൂഫ് ഇല്ലാത്തതായിരുന്നു പ്രശ്നം. അന്ന്, അവർ ഉറങ്ങുന്ന സ്ഥലമോ (ഉദാഹരണത്തിന് ‘ക്ഷേത്രത്തിന് മുൻവശം’ അല്ലെങ്കിൽ ‘കടയുടെ വരാന്ത’) കൃത്യമായ സ്ഥലമോ വിലാസമായി നൽകി അവരെ വോട്ടർ പട്ടികയിൽ ചേർക്കാൻ താൻ നിർദ്ദേശം നൽകിയിരുന്നതായി ഖുറേഷി ഓർമ്മിപ്പിച്ചു.
അല്ലാതെ, എല്ലാവർക്കും കണ്ണടച്ച് ’00’ എന്ന നമ്പർ നൽകുന്ന രീതി തന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ കാലത്ത് ’00’ എന്നൊരു വീട്ടുനമ്പർ ഉണ്ടായിരുന്നില്ല. അന്ന് ഓരോ വോട്ടറെയും തിരിച്ചറിയാൻ കഴിയുന്ന കൃത്യമായ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ഭവനരഹിതർക്ക് വോട്ടാവകാശം നൽകേണ്ടത് അത്യാവശ്യമാണെങ്കിലും, ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളെ ’00’ എന്ന നമ്പറിൽ ഒളിപ്പിക്കുന്നത് സുതാര്യത ഇല്ലാതാക്കുമെന്നും ഖുറേഷി കൂട്ടിച്ചേർത്തു.