‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ ദേശീയ് ക്യാമ്പയിൻ ആരംഭിക്കണം’ ; ശിവസേന (യൂബിടി) നേതാവ് ആദിത്യ താക്കറെ
മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. രാജ്യത്ത് വോട്ടിംഗിനായി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു ദേശീയ ക്യാമ്പയിൻ ആരംഭിക്കേണ്ടതുണ്ടെന്ന് താക്കറെ പറഞ്ഞു. മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
“അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് നടപ്പാക്കുമ്പോൾ, എന്തുകൊണ്ട് നമുക്ക് അതേ സംവിധാനം ഇവിടെ പിന്തുടരാൻ കഴിയില്ല?” താക്കറെ ചോദിച്ചു.
ബിജെപിക്ക് നേട്ടമുണ്ടാക്കാനായി, വോട്ടർപട്ടിക തീവ്ര പരിശോധന (എസ്ഐആർ) വഴി 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയെന്ന് അദ്ദേഹം വിമർശിച്ചു. “ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനല്ല, ഇത് സെലക്ഷൻ കമ്മീഷനാണ്” എന്ന് താക്കറെ കുറ്റപ്പെടുത്തി.
‘ലാഡ്ലി ബഹൻ’ പോലുള്ള ക്ഷേമ പദ്ധതികൾ ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തി എന്ന് വിശ്വസിക്കുന്നില്ലെന്ന് താക്കറെ പറഞ്ഞു. “സ്ത്രീകൾ ഒരു കാരണവശാലും പണത്തിനായി വോട്ട് ചെയ്യില്ല. ഈ പദ്ധതികളെല്ലാം വോട്ട് മോഷണത്തെ ന്യായീകരിക്കാനുള്ള ഒരു മറ മാത്രമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടിംഗ് കൃത്രിമം നടന്നതിൻ്റെ സൂചനകൾ പലയിടത്തു നിന്നും ലഭിച്ചിട്ടുണ്ട്. സ്ട്രോങ് റൂമിനുള്ളിൽ ട്രക്ക് കയറ്റാൻ ശ്രമിച്ചതും, സിസിടിവി ഓഫ് ചെയ്തതുമെല്ലാം എന്തുകൊണ്ടാണ്? അതിനാൽ, ഈ വാദങ്ങളെല്ലാം അവസാനിപ്പിച്ച് ബാലറ്റ് പേപ്പറുകൾ പുറത്തെടുത്ത് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.