28/03/2026
[fontresizer_tawhidurrahmandear_widget]

ലിഫ്റ്റ് ബോയി, ചുമട്ടുതൊഴിലാളി… അങ്ങനെ എന്തെല്ലാം പണിയെടുത്തു! ഒടുവില്‍ ഫാഷന്‍ രാജാവായി മാറിയ ഗുച്ചിയുടെ വിസ്മയ കഥ

 ലിഫ്റ്റ് ബോയി, ചുമട്ടുതൊഴിലാളി… അങ്ങനെ എന്തെല്ലാം പണിയെടുത്തു! ഒടുവില്‍ ഫാഷന്‍ രാജാവായി മാറിയ ഗുച്ചിയുടെ വിസ്മയ കഥ

ലണ്ടനിലെ ഒരു സാധാരണ ഹോട്ടല്‍ പോര്‍ട്ടര്‍ പദവിയില്‍ നിന്ന് ലോകോത്തര ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ സ്ഥാപകനിലേക്കുള്ള ഗുസ്സിയോ ഗുച്ചിയുടെ ജീവിതകഥ ഫാഷന്‍ ലോകത്തെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ്. ദീര്‍ഘദര്‍ശനവും ടസ്‌കന്‍ കരകൗശല മികവും സമന്വയിപ്പിച്ചാണ് അദ്ദേഹം ലോകം അറിയുന്ന ആഡംബര സാമ്രാജ്യം കെട്ടിപ്പടുത്തത്.

1881ല്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ തുകല്‍ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഗുസ്സിയോ, 18ാം വയസ്സില്‍ ഭാഗ്യം തേടി ലണ്ടനിലെത്തി. അവിടെ പ്രശസ്തമായ സാവോയ് ഹോട്ടലില്‍ ലിഫ്റ്റ് ബോയിയും പിന്നീട് പോര്‍ട്ടറുമായി ജോലി ചെയ്തു. ഈ സമയത്താണ് ഹോട്ടലിലെ അതിസമ്പന്നരായ അതിഥികള്‍ ഉപയോഗിച്ചിരുന്ന വിലകൂടിയ ലഗേജുകളിലും യാത്രാ ഉപകരണങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുന്നത്. ഉയര്‍ന്ന നിലവാരത്തിലും സ്‌റ്റൈലിലുമുള്ള ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാനുള്ള തീവ്രമായ മോഹത്തിന് ഈ നിരീക്ഷണങ്ങള്‍ തിരികൊളുത്തിയത്.

വര്‍ഷങ്ങള്‍ക്കുശേഷം, ആഡംബര വസ്തുക്കളുടെ സ്വന്തം നിര എന്ന സ്വപ്നവുമായി ഗുസ്സിയോ ഫ്‌ലോറന്‍സിലേക്ക് മടങ്ങി. 1921ല്‍ തന്റെ 40ാം വയസ്സില്‍ അദ്ദേഹം ഫ്‌ലോറന്‍സിലെ വിയ ഡെല്ല വിഗ്‌ന നുവോവയില്‍ ആദ്യത്തെ കട തുറന്നു. കുതിരസവാരി പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനുകളായിരുന്നു ഗുച്ചിയുടെ ആദ്യകാല ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത. അദ്ദേഹം പ്രാദേശിക കരകൗശല വിദഗ്ധരെ ഉപയോഗിച്ച് ഉന്നത നിലവാരമുള്ള തുകല്‍ സാധനങ്ങള്‍ നിര്‍മ്മിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് തുകല്‍ ക്ഷാമം നേരിട്ടപ്പോള്‍, ഗുസ്സിയോ അതൊരു അവസരമായി കണ്ടു. 1935ല്‍ നെയ്‌തെടുത്ത ചണത്തുണി ഉപയോഗിച്ച് ഡയമണ്ട് പ്രിന്റ് അവതരിപ്പിച്ചു, ഇത് ബ്രാന്‍ഡിന്റെ ആദ്യകാല സിഗ്‌നേച്ചറുകളിലൊന്നായി മാറി. 1947ല്‍ പ്രതിസന്ധികളെ മറികടന്ന് മുളയുടെ കൈപ്പിടികളുള്ള ബാംബൂ ബാഗ് അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ നവീകരണ ശേഷിക്ക് ഉത്തമ ഉദാഹരണമാണ്. 1953ല്‍ അവതരിപ്പിച്ച ഹോഴ്‌സ്ബിറ്റ് ലോഫറും ഗുച്ചിയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തി.

ബിസിനസ് വളര്‍ന്നപ്പോള്‍ മക്കള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. 1953 ജനുവരി 2 ന് ഗുസ്സിയോ ഗുസ്സി അന്തരിക്കുമ്പോള്‍, ഗുച്ചി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് കുതിക്കുകയായിരുന്നു. കരകൗശല മികവും നവീകരണവും സംയോജിപ്പിച്ച ഗുസ്സിയോ ഗുച്ചിയുടെ ദര്‍ശനമാണ് ഇന്നും ഗുച്ചിയെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായി നിലനിര്‍ത്തുന്നത്.

Also read: