ട്രംപ് ഫാസിസ്റ്റ് ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍; ഉണ്ടെന്ന് പറഞ്ഞേക്കെന്ന് മംദാനിയോട് ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിക്കുകയാണ്. മുൻപ് പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന ഇരുനേതാക്കളും വൈറ്റ് ഹൗസിലെ ചർച്ചയിലൂടനീളം വളരെ സൗഹൃദത്തിലായിരുന്നു സംസാരിച്ചതും ഇടപഴകിയതും.
ഇതിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തോള്ള ട്രംപിൻ്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഭവനപ്രശ്നം, വിലക്കയറ്റം തുടങ്ങിയ പൊതുവിഷയങ്ങളിൽ ഇരുവർക്കും ഒരേ അഭിപ്രായമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഇത്.
മാധ്യമപ്രവർത്തകൻ മാംദാനിയോട്: ട്രംപ് ഫാസിസ്റ്റ് ആണെന്ന പഴയ നിലപാട് ഇപ്പോഴും ഉണ്ടോ എന്ന് റിപ്പോർട്ടർ മംദാനിയോട് ചോദിച്ചപ്പോൾ ട്രംപ് ഇടപെട്ട് സംസാരിക്കുകയായിരുന്നു.
ചോദ്യത്തിന് വിശദീകരണം നൽകാൻ തുടങ്ങുകയായിരുന്ന മംദാനിയുടെ കൈയ്യിൽ തട്ടി ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഉണ്ടെന്ന് പറഞ്ഞേക്കൂ; എനിക്ക് പ്രശ്നമില്ല, വെറുതെ വിശദീകരിച്ച് കുഴങ്ങേണ്ട. ഇതാണ് എളുപ്പം.”
ട്രംപിന്റെ ഈ പ്രതികരണത്തിൽ മാംദാനി ചിരിച്ചുകൊണ്ട് ‘അതെ’ എന്ന് തലയാട്ടി. കടുത്ത വിമർശകനായിരുന്ന ഒരാളോട് ട്രംപ് ഇത്രയും ലാഘവത്തോടെയും സൗഹൃദപരമായും പെരുമാറിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. നേരത്തെ, മംദാനിയെ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. മംദാനി ആണെങ്കിൽ ‘ഫാസിസ്റ്റ്’ എന്നു വിളിച്ച് ട്രംപിനെയും രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്.