ആ ‘ഞെട്ടിക്കുന്ന’ രഹസ്യങ്ങള്‍ പുറത്തേക്ക്?; ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടും; ബില്ലില്‍ ട്രംപ് ഒപ്പിട്ടു
വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിടാനുള്ള ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇന്നലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരം എപ്‌സ്‌റ്റൈന്‍ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 30 ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു.
ആദ്യം ഫയലുകള്‍ പുറത്തുവിടുന്നതിനെ എതിര്‍ത്ത ട്രംപ് എപ്സ്റ്റീന്റെ ഇരകളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. അദ്ദേഹത്തിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ഇരുസഭകളും ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. ജനപ്രതിനിധിസഭയില്‍ 427-1 എന്ന വോട്ടിനാണ് നിയമം പാസായത്.
‘ഡെമോക്രാറ്റുകളെക്കുറിച്ചും ജെഫ്രി എപ്സ്റ്റീനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുമുള്ള സത്യം ഉടന്‍ വെളിപ്പെടുത്തും,’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഡെമോക്രാറ്റുകളാണ് വിഷയം തന്റെ ഭരണനേട്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റിപ്പബ്ലിക്കന്‍മാര്‍ക്ക് എപ്സ്റ്റീനുമായി ബന്ധമില്ലെന്നും ഇത് ഡെമോക്രാറ്റുകളുടെ പ്രശ്‌നമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുറത്തുവരുന്ന രേഖകളില്‍ എപ്സ്റ്റീന്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളിലെ വിവരങ്ങള്‍ ഇരകളുടെയും സാക്ഷികളുടെയും അഭിമുഖങ്ങളുടെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍, റെയ്ഡുകളില്‍ പിടിച്ചെടുത്ത വസ്തുക്കള്‍, വിമാന യാത്രാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. ലൈംഗികക്കടത്തു കേസില്‍ തടവിലായിരിക്കെ 2019ല്‍ ന്യൂയോര്‍ക്ക് ജയിലില്‍ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.