യുഎസ് സെനറ്റർമാരായ ഇൽഹാൻ ഒമറിനെയും റാഷിദ ത്‌ലൈബിനെയും അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ്
വാഷിങ്ടൺ: യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ ഇൽഹാൻ ഒമറിനും റാഷിദ ത്‌ലൈബിനുമെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ്
ഡൊണാൾഡ് ട്രംപ്. തന്റെ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിനിടെ പ്രതിഷേധിച്ച ഇരുവരേയും അവർ എവിടെ നിന്നാണോ വന്നത് അവിടേക്ക് തന്നെ തിരിച്ചയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്.
പ്രസംഗത്തിനിടെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും നിയന്ത്രണങ്ങളെയും ഇരുവരും വിമർശിച്ചിരുന്നു. സങ്കേത നഗരങ്ങൾ നിർത്തലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ, ‘നിങ്ങൾ അമേരിക്കക്കാരെ കൊന്നു’ എന്ന് ഇൽഹാൻ ഒമറും റാഷിദ ത്‌ലൈബും വിളിച്ചുപറഞ്ഞു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇവർ വക്രബുദ്ധികളായ രാഷ്ട്രീയക്കാരാണെന്നും ഇത്തരം പെരുമാറ്റം രാജ്യത്തിന് അത്യന്തം ദോഷകരമാണെന്നും ട്രംപ് ആരോപിച്ചു.
മുസ്ലീം സെനറ്റർമാരായ ഇരുവരും മാനസിക വിഭ്രാന്തിയുള്ളവരെപ്പോലെയാണ് പെരുമാറുന്നതെന്ന് ട്രംപ് പരിഹസിച്ചു. ‘താഴ്ന്ന ബുദ്ധിശക്തിയുള്ള ഇൽഹാൻ ഒമറും റാഷിദ ത്‌ലൈബും അനിയന്ത്രിതമായി നിലവിളിക്കുന്നത് കണ്ടു. ഇവർ അമേരിക്കയെ തകർക്കാൻ മാത്രമേ സഹായിക്കൂ,’ ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ ജനുവരിയിൽ മിനസോട്ടയിൽ ഐസിഇ നടത്തിയ റെയ്ഡിൽ രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്രംപ് ഭരണകൂടത്തിന് പങ്കുണ്ടെന്ന് ഇൽഹാൻ ഒമർ പിന്നീട് സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു.
ട്രംപിന്റെ ആക്ഷേപങ്ങൾക്ക് ശക്തമായ ഭാഷയിലാണ് പ്രതിനിധികൾ മറുപടി നൽകിയത്. രണ്ട് മുസ്ലീം സ്ത്രീകൾ തനിക്ക് എതിരെ സംസാരിക്കുന്നത് അംഗീകരിക്കാൻ ട്രംപിന് കഴിയുന്നില്ലെന്ന് റാഷിദ ത്‌ലൈബ് പറഞ്ഞു. അറബിയിൽ ഭ്രാന്തൻ എന്ന് അർത്ഥം വരുന്ന ‘#PresidentMajnoon’ എന്ന ഹാഷ്ടാഗോടെയാണ് അവർ പ്രതികരിച്ചത്.
മറ്റ് ഡെമോക്രാറ്റിക് അംഗങ്ങളായ സാറാ മക്‌െ്രെബഡ്, അൽ ഗ്രീൻ എന്നിവരും പ്രസംഗത്തിനിടെ പ്രതിഷേധിച്ചിരുന്നെങ്കിലും ട്രംപ് പ്രധാനമായും ലക്ഷ്യം വെച്ചത് ഒമറിനെയും ത്‌ലൈബിനെയുമാണ്. വംശീയ അധിക്ഷേപങ്ങൾ കലർന്ന ട്രംപിന്റെ പുതിയ പ്രസ്താവന അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.