22/07/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപ് കാർഡി’ന് കളത്തിൽ മറുപടി! ബലോഗനെ പൂട്ടി അമേരിക്കയെ പുറത്താക്കി ബെൽജിയം

 ‘ട്രംപ് കാർഡി’ന് കളത്തിൽ മറുപടി! ബലോഗനെ പൂട്ടി അമേരിക്കയെ പുറത്താക്കി ബെൽജിയം

ന്യൂയോർക്ക്: ലോകകപ്പിൽ ചുവപ്പ് കാർഡ് ലഭിച്ച അമേരിക്കൻ താരം ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ, പ്രീ-ക്വാർട്ടറിൽ അമേരിക്കയ്ക്ക് ദയനീയ തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് യു.എസിനെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇതോടെ ടൂർണമെന്റിന്റെ ആതിഥേയരായ അമേരിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.

ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബലോഗന്റെ സസ്പെൻഷൻ മരവിപ്പിച്ച് ഈ മത്സരത്തിൽ കളിക്കാൻ ഫിഫ അനുമതി നൽകിയത്. ഈ തീരുമാനത്തിനെതിരെ ബെൽജിയം ഫുട്ബോൾ ഫെഡറേഷൻ നൽകിയ അപ്പീൽ ഫിഫ തള്ളിയിരുന്നു. പ്രതീക്ഷിച്ചതുപോലെ ആദ്യ ഇലവനിൽ തന്നെ ബലോഗൻ ഇടംപിടിച്ചെങ്കിലും കളത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചില്ല. മത്സരത്തിൽ ആകെ 19 ടച്ചുകളും മൂന്ന് ഷോട്ടുകളും മാത്രമാണ് ബലോഗന് നേടാനായത്. ഇതിൽ ഒരെണ്ണം മാത്രമാണ് പോസ്റ്റിലേക്ക് തൊടുക്കാനായത്. ഗോളോ അസിസ്റ്റോ നേടാനാകാതെ യു.എസ് സ്ട്രൈക്കർ നിരാശപ്പെടുത്തിയതോടെ അമേരിക്കൻ പട തകർന്നടിയുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം ആദ്യ മിനിറ്റുകളിൽ തന്നെ യു.എസ് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. ചാൾസ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും, യു.എസ് ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഹാൻസ് വാനാകൻ നേടിയ ഗോളുമാണ് ബെൽജിയത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. ഇഞ്ചുറി ടൈമിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവും വലകുലുക്കിയതോടെ ബെൽജിയത്തിന്റെ ഗോൾപട്ടിക പൂർത്തിയായി. യു.എസിനായി മാലിക് ടിൽമാൻ ഫ്രീകിക്കിലൂടെ ആശ്വാസ ഗോൾ നേടി.

മത്സരത്തിന് മുന്നോടിയായി ഫിഫ തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിപ്പിട്ടിരുന്നു. എന്നാൽ, ലോകകപ്പ് നിയമാവലി അനുസരിച്ച് നേരിട്ടുള്ള റെഡ് കാർഡിന് ഒരു മത്സരത്തിൽ വിലക്ക് നിർബന്ധമായിരിക്കെ, ഫിഫ ബലോഗന്റെ സസ്പെൻഷൻ ഒരു വർഷത്തേക്ക് മരവിപ്പിച്ചത് കടുത്ത ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന അതിരുകടന്ന തീരുമാനമാണിതെന്നും ഇത് ടൂർണമെന്റിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ (യുവേഫ) പ്രസ്താവിച്ചു. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട ഇംഗ്ലീഷ് പ്രതിരോധതാരം ജാറെൽ ക്വാൻസയുടെ വിലക്കും ഫിഫ ഇതേപോലെ സസ്പെൻഡ് ചെയ്യുമോ എന്ന് ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷേൽ പരിഹാസപൂർവ്വം ചോദിച്ചു. ടൂർണമെന്റിൽ മൂന്ന് ഗോളുകളുമായി അമേരിക്കയെ പ്രീ-ക്വാർട്ടറിലെത്തിച്ച ബലോഗൻ, ബോസ്നിയൻ താരം താരിക് മഹ്റാമോവിച്ചിനെ ഫൗൾ ചെയ്തതിനാണ് ചുവപ്പുകാർഡ് വാങ്ങിയിരുന്നത്.

Also read: