‘ഗസ്സയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും കണക്ക് ചോദിച്ചേ അടങ്ങൂ’ നെതന്യാഹുവിനും ഇസ്രായേൽ മന്ത്രിമാർക്കുമെതിരെ തുർക്കിയുടെ അറസ്റ്റ് വാറ്ൻ്
അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്.
നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആരോപണങ്ങളെ അസംബന്ധമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ്റെ ഏറ്റവും പുതിയ പബ്ലിക് റിലേഷൻസ് തട്ടിപ്പാണിതെന്ന് അദ്ദേഹം പരിഹസിച്ചു. തുർക്കിയിലെ നീതിന്യായ വ്യവസ്ഥ രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാനുള്ള ഉപകരണമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വർഷമാദ്യം ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യാ കേസിനൊപ്പം തുർക്കിയും ചേർന്നിരുന്നു. തുർക്കി ഗസ്സ മുനമ്പിൽ നിർമ്മിച്ച ‘തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ’ ഇസ്രയേൽ ബോംബിട്ട് തകർത്തതും പ്രോസിക്യൂഷൻ പ്രസ്താവനയിൽ എടുത്തുപറയുന്നുണ്ട്. എന്നാൽ, ഇസ്രയേൽ സൈന്യം ഈ ആരോപണം നിഷേധിക്കുകയും ഒരു വർഷത്തിലേറെയായി ഈ കെട്ടിടം ആശുപത്രിയായി പ്രവർത്തിക്കുന്നില്ലെന്നും ഹമാസ് പ്രവർത്തകരാണ് ഉപയോഗിക്കുന്നതെന്നും വാദിച്ചു.
അറസ്റ്റ് വാറൻ്റിനെ ഹമാസ് സ്വാഗതം ചെയ്തു. നീതിയോടും മനുഷ്യത്വത്തോടും പ്രതിബദ്ധതയുള്ള തുർക്കി നേതാക്കളുടെയും ജനതയുടെയും ആത്മാർത്ഥമായ നിലപാടാണ് ഇതെന്ന് സംഘടന പ്രസ്താവിച്ചു.