‘ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ല’-രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി റിജിജു
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം’ (വോട്ട് ചോരി) ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ലെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും റിജിജു ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് റിജിജു പറഞ്ഞു. തന്റെ പക്കലുള്ള തെളിവുകള്‍ ‘ആറ്റംബോംബ്’ ആണെന്നും അത് പൊട്ടിത്തെറിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്രത്യക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും പൊട്ടിത്തെറിച്ചില്ല. ഇതാണോ അദ്ദേഹം പറഞ്ഞ ബോംബ്. ഈ ആരോപണങ്ങളുടെ വെളിച്ചത്തില്‍, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും റിജിജു വിമര്‍ശിച്ചു.
ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അപകടകരമായ നീക്കമാണിതെന്ന് ബി.ജെ.പി ആരോപിച്ചു. ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 25 ലക്ഷം വ്യാജവോട്ടര്‍മാരും 5.21 ലക്ഷം ഇരട്ടവോട്ടര്‍മാരുമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ.സി) തള്ളി.
വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതായി തെളിയിക്കാന്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയോട് നേരത്തെ ഇ.സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ലമെന്റില്‍ താന്‍ ഭരണഘടനയെ പിന്തുണച്ച് സത്യപ്രതിജ്ഞ ചെയ്തതിനാല്‍ മറ്റൊരു സത്യവാങ്മൂലത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. തെളിവുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാകാത്തപക്ഷം മാപ്പുപറയണമെന്നും ഇ.സി വൃത്തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.