ബിഹാറില്‍ അമ്മമാരുടെ മുലപ്പാലില്‍ യുറേനിയം സാന്നിധ്യം! നടുക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്
പട്‌ന: ബിഹാറിലെ ആറ് ജില്ലകളിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ വിഷാംശമുള്ള യുറേനിയം (u-238) കണ്ടെത്തിയതായി പുതിയ ശാസ്ത്രീയ പഠനം. ആദ്യ മാസങ്ങളില്‍ മുലപ്പാലിനെ മാത്രം ആശ്രയിക്കുന്ന ശിശുക്കളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പഠന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
ഗവേഷണത്തിനായി ഭോജ്പൂര്‍, സമസ്തിപൂര്‍, ബെഗുസാരായ്, ഖഗരിയ, കതിഹാര്‍, നളന്ദ എന്നീ ജില്ലകളില്‍ നിന്നുള്ള 40 അമ്മമാരുടെ സാമ്പിളുകളാണ് വിശകലനം ചെയ്തത്.
പ്രധാന കണ്ടെത്തലുകള്‍:
100% സാമ്പിളുകളിലും യുറേനിയം: പഠനത്തില്‍ ഉള്‍പ്പെട്ട എല്ലാ മുലപ്പാല്‍ സാമ്പിളുകളിലും യുറേനിയം കണ്ടെത്തി. സാന്ദ്രത ലിറ്ററിന് 5.25 g/L രേഖപ്പെടുത്തി.
ഏറ്റവും ഉയര്‍ന്ന മലിനീകരണം: ഖഗരിയ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ശരാശരി (4.035 g/L) മലിനീകരണ തോത് രേഖപ്പെടുത്തിയത്. കതിഹാറില്‍ ഒറ്റപ്പെട്ട ഉയര്‍ന്ന സാന്ദ്രതയും (5.25 g/L) കണ്ടെത്തി.
ശിശുക്കള്‍ക്ക് അപകടസാധ്യത: മോണ്ടെ കാര്‍ലോ സിമുലേഷന്‍ ഉപയോഗിച്ച് നടത്തിയ വിശകലനത്തില്‍, യുറേനിയം എക്‌സ്‌പോഷര്‍ തുടരുകയാണെങ്കില്‍ ഏകദേശം 70% ശിശുക്കള്‍ക്കും കാന്‍സര്‍ ഇതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍: കുറഞ്ഞ ശരീരഭാരവും വികസിച്ചുകൊണ്ടിരിക്കുന്ന വൃക്കകളും കാരണം മുതിര്‍ന്നവരേക്കാള്‍ ശിശുക്കള്‍ യുറേനിയം പോലുള്ള ഘനലോഹങ്ങളുടെ വിഷാംശത്തിന് കൂടുതല്‍ ഇരയാകുന്നു. നെഫ്രോടോക്‌സിസിറ്റി, നാഡീവ്യവസ്ഥയുടെ വികാസത്തിലെ തകരാറുകള്‍, ഐക്യു കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവെക്കാം.
ഉറവിടം: ഭൂഗര്‍ഭജല മലിനീകരണമാണ് പ്രധാന ഉറവിടമായി കണക്കാക്കുന്നത്. WHOയുടെ കുടിവെള്ള പരിധിയായ 30 g/Lനെക്കാള്‍ ഉയര്‍ന്ന അളവില്‍ യുറേനിയം പല ജില്ലകളിലെയും ഭൂഗര്‍ഭജലത്തില്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട്.
മുലയൂട്ടല്‍ നിര്‍ത്തേണ്ടതില്ല
അതേസമയം, അമ്മമാര്‍ ഉടന്‍ മുലയൂട്ടല്‍ നിര്‍ത്തരുതെന്ന് പഠനം ശക്തമായി ശുപാര്‍ശ ചെയ്യുന്നുണ്ട്. ‘മുലപ്പാല്‍ ശിശുക്കളുടെ പോഷണത്തിന് ഏറ്റവും മികച്ചതാണ്. നിലവില്‍ കണ്ടെത്തിയ യുറേനിയം അളവ് ഉടനടി കാന്‍സര്‍ സാധ്യതയോ മറ്റ് ഗുരുതരമായ അവസ്ഥകളോ സൂചിപ്പിക്കുന്നില്ല,’ ഡല്‍ഹി എയിംസിലെ ഡോ. അശോക് ശര്‍മ്മ വ്യക്തമാക്കി. വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുലയൂട്ടല്‍ നിര്‍ത്താവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തുടനീളം യുറേനിയം സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ബയോമോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കാനും, സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും, പൊതുജനാരോഗ്യ ഉപദേശങ്ങള്‍ നല്‍കാനും പഠനം ആവശ്യപ്പെടുന്നുണ്ട്.