‘ഫ്രഷ് കട്ട് സമരം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി; ഉടമകളുമായി വഴിവിട്ട ബന്ധം’; ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് കത്ത്
കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടി’നെതിരായ ജനകീയ സമരം അട്ടിമറിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് രംഗത്ത്. പ്ലാന്റ് ഉടമകളുമായി ഡിഐജിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും, സമരം പൊളിക്കാനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നുവെന്നും കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം നൽകിയ അനുമതി, ഡിഐജിയും മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് എന്നാണ് കർഷക കോൺഗ്രസിന്റെ പ്രധാന ആരോപണം. സമാധാനപരമായി ആറ് വർഷം നടന്നുവന്ന സമരം അക്രമാസക്തമായതിനു പിന്നിൽ ഡിഐജിയുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സമരത്തിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മനുഷ്യകവചം ആക്കിയെന്ന യതീഷ് ചന്ദ്രയുടെ മുൻ നിലപാട് സമരസമിതി നേരത്തെ നിഷേധിച്ചിരുന്നു. ഡിഐജിയുടെ പ്രസ്താവന പച്ചക്കള്ളമാണ് എന്നും ജനകീയ സമരം അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സമരക്കാർ ആരോപിച്ചിരുന്നു.
അതേസമയം, കർശനമായ ഉപാധികളോടെ ഫ്രഷ് കട്ട് പ്ലാന്റിന് തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. പ്രതിദിന മാലിന്യ സംസ്കരണ ശേഷി 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കുക, പഴകിയ മാലിന്യം കൊണ്ടുവരാതെ പുതിയവ മാത്രം സംസ്കരിക്കുക, ദുർഗന്ധം ഒഴിവാക്കാനായി വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തനം നിർത്തിവയ്ക്കുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
എന്നാൽ, പ്ലാന്റ് പൂർണമായി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി അംഗങ്ങൾ. സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ മുന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.