യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!റോഡ് നിയമങ്ങളിൽ 6 വലിയ മാറ്റങ്ങൾ; വണ്ടിയെടുക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
ദുബൈ: യുഎഇയിലെ റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ വർഷം വന്നത് നിർണ്ണായക മാറ്റങ്ങൾ. ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി അബുദാബി, ദുബൈ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.
ഈ വർഷം ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട 6 പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
അബുദാബിയിലെ മാറ്റങ്ങൾ
തത്സമയ വേഗപരിധി (VSL): അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (E10) ഒക്ടോബർ മുതൽ ‘വേരിയബിൾ സ്പീഡ് ലിമിറ്റ്’ സംവിധാനം നിലവിൽ വന്നു. കാലാവസ്ഥാ മാറ്റങ്ങൾ, ഗതാഗതക്കുരുക്ക്, റോഡ് നിർമ്മാണം എന്നിവയ്ക്കനുസരിച്ച് ഇവിടുത്തെ വേഗത പരിധി ഡിജിറ്റൽ സ്ക്രീനുകളിൽ തത്സമയം മാറിക്കൊണ്ടിരിക്കും.
വേഗത കുറച്ചു: രണ്ട് പ്രധാന റോഡുകളിലെ വേഗത പരിധി കുറച്ചു. സ്വീഹാൻ റോഡിലെ (E20) വേഗത 120-ൽ നിന്ന് 100 കി.മീ ആയും, ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ (E11) വേഗത 160-ൽ നിന്ന് 140 കി.മീ ആയും കുറച്ചു.
മിനിമം സ്പീഡ് ഒഴിവാക്കി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ (E311) ഉണ്ടായിരുന്ന കുറഞ്ഞ വേഗത പരിധി (മണിക്കൂറിൽ 120 കി.മീ) ഏപ്രിൽ മാസത്തോടെ ഒഴിവാക്കി.
അജ്മാനിലെ മാറ്റങ്ങൾ 4. സ്മാർട്ട് സ്പീഡ് ലിമിറ്റർ: അജ്മാനിലെ ടാക്സികളിലും ലിമോസിനുകളിലും അമിതവേഗത തടയാൻ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’ ഏർപ്പെടുത്തി. ജിപിഎസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം, റോഡിലെ വേഗത പരിധിക്കനുസരിച്ച് വാഹനത്തിന്റെ വേഗത യാന്ത്രികമായി ക്രമീകരിക്കും.
ദുബൈയിലെ മാറ്റങ്ങൾ 5. ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം: അഞ്ചോ അതിലധികമോ ലെയ്നുകളുള്ള റോഡുകളിൽ, ഇടതുവശത്തെ വേഗതയേറിയ രണ്ട് ലെയ്നുകളിൽ ഡെലിവറി ബൈക്കുകൾ പ്രവേശിക്കുന്നത് നിരോധിച്ചു. നിയമം ലംഘിച്ചാൽ ആദ്യ തവണ 500 ദിർഹവും, ആവർത്തിച്ചാൽ 700 ദിർഹവുമാണ് പിഴ. 6. ട്രക്കുകൾക്ക് സമയക്രമം: തിരക്കേറിയ വൈകുന്നേരങ്ങളിൽ (5:30 PM – 8:00 PM) എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് എമിറേറ്റ്സ് റോഡിലെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും ഗതാഗത ഒഴുക്ക് വർദ്ധിപ്പിക്കാൻ സഹായിച്ചു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ എല്ലാ ഡ്രൈവർമാരും ഈ മാറ്റങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.