02/03/2026
[fontresizer_tawhidurrahmandear_widget]

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപപാളി കേസിലും പ്രതിചേര്‍ത്തു

 ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപപാളി കേസിലും പ്രതിചേര്‍ത്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും പ്രതിചേർത്തു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് രണ്ടാമതായി പത്മകുമാറിനെ പ്രതിചേർത്തത്.

സ്വർണ്ണ കട്ടിളപ്പാളി കേസിൽ നേരത്തെ അറസ്റ്റിലായ പത്മകുമാറിന്റെ അറസ്റ്റ്, കഴിഞ്ഞ ദിവസം ജയിലിലെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികളിലെ സ്വർണം പൂശിയ ഭാഗം, മിനുട്ട്‌സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തി, കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതോടെ 2019ൽ രജിസ്റ്റർ ചെയ്ത രണ്ട് സ്വർണ്ണക്കൊള്ള കേസുകളിലും പത്മകുമാർ പ്രതിയായി.

പത്മകുമാറിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാൻഡ് കാലാവധി തീർന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് എസ്.ഐ.ടി കോടതിക്ക് കൈമാറിയത് റിമാൻഡ് നീട്ടുന്നതിന് പിന്നാലെയാണ്.

പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പുതിയ കേസ് കൂടി എടുത്തതോടെ പത്മകുമാറിന് കൂടുതൽ കുരുക്കാകും. രണ്ടാമത്തെ കേസും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹരജിയെ ശക്തമായി എതിർക്കാൻ സാധ്യതയുണ്ട്. സ്വർണ്ണം പൂശിയ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും, മിനുട്ട്‌സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും ജാമ്യഹരജിയിൽ പത്മകുമാർ വാദിച്ചിരുന്നു. തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ അമർഷവും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റേയും മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൈമാറാൻ 2019ൽ ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പിട്ടത് ആറാം പ്രതിയായ ശ്രീകുമാറാണ്. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ചോദ്യം ചെയ്യൽ നിർണ്ണായകമാണെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

Also read: