എസ്‌ഐആറിലൂടെ ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം നടക്കില്ല; എന്റെ കഴുത്തറുത്താലും എന്‍ആര്‍സി അനുവദിക്കില്ല-മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇതൊരു കെണിയാണ്. എസ്‌ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ ഈ തന്ത്രം ഇവിടെ വിലപ്പോകില്ല,’ മമത തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ബംഗാളിന്റെ ചില ഭാഗങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് സമാനമാക്കാനുള്ള നീക്കമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
‘എന്റെ കഴുത്തറുത്താലും ബംഗാളില്‍ എന്‍.ആര്‍.സിയും തടങ്കല്‍ പാളയങ്ങളും ഞാന്‍ അനുവദിക്കില്ല. ഒരാളെപ്പോലും ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തില്ല. ജീവന്‍ കൊടുത്തും ബംഗാളിലെ ജനങ്ങളെ ഞാന്‍ സംരക്ഷിക്കും’,-മമത വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ബംഗാളിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മമത ആരോപിച്ചു. ഗ്രാമീണ ഭവന പദ്ധതിക്കും (ആവാസ് യോജന) തൊഴിലുറപ്പ് പദ്ധതിക്കുമുള്ള ഫണ്ടുകള്‍ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിന്ന് പിരിച്ചെടുക്കുന്ന ജി.എസ്.ടി വിഹിതം പോലും തിരികെ നല്‍കുന്നില്ല.
‘കേന്ദ്രത്തിന്റെ ഭിക്ഷ ഞങ്ങള്‍ക്ക് വേണ്ട. പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പണം ഉപയോഗിച്ച് നിര്‍മിക്കും. രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും ഫണ്ട് തടഞ്ഞും ബംഗാളിനെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.