പതിവ് തെറ്റിക്കാതെ എ.ആര്‍ റഹ്മാന്‍, ആത്മസാഫല്യം തേടി നാഗൂര്‍ ദര്‍ഗ നേര്‍ച്ചയില്‍; ഇത്തവണയും എത്തിയത് ഓട്ടോയില്‍
ചെന്നൈ: പതിവ് തെറ്റിക്കാതെ ചരിത്രപ്രസിദ്ധമായ നാഗൂര്‍ ദര്‍ഗയിലെ നേര്‍ച്ചയില്‍ പങ്കുകൊണ്ട് സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. നാഗൂര്‍ ദര്‍ഗയിലെ 469-ാം ഉറൂസ് പരിപാടികളുടെ ഭാഗമായുള്ള ‘ചന്ദനക്കൂട്’ ചടങ്ങുകള്‍ക്കായാണ് അദ്ദേഹം എത്തിയത്. എല്ലാതവണത്തെയും പോലെ തിരക്കുകളെല്ലാം മാറ്റിവച്ചാണ് റഹ്മാന്‍ ഉറൂസില്‍ ആത്മസായൂജ്യമടയാനെത്തിയത്. (Keeping Tradition Alive: AR Rahman Seeks Spiritual Solace at Nagore Dargah Urs; Arrives in Auto Again)
ദര്‍ഗയിലേക്കുള്ള റോഡുകളില്‍ ജനത്തിരക്ക് അനുഭവപ്പെട്ടതോടെ, വാഹനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഒരു ഓട്ടോറിക്ഷയിലാണ് അദ്ദേഹം ദര്‍ഗയുടെ കവാടം വരെ സഞ്ചരിച്ചത്. വെള്ള കുര്‍ത്തയും തൊപ്പിയും ധരിച്ച്, ഭക്തിസാന്ദ്രമായി ദര്‍ഗയിലേക്ക് നടന്നടുത്ത അദ്ദേഹം, മഖ്ബറയില്‍ സമര്‍പ്പിക്കാനുള്ള വിശുദ്ധ വസ്ത്രം (ചാദര്‍) തലയിലേറ്റിയാണ് ഉള്ളിലേക്ക് പ്രവേശിച്ചത്. വര്‍ഷങ്ങളായി മുടങ്ങാതെ നാഗൂര്‍ ദര്‍ഗ സന്ദര്‍ശിക്കുന്ന റഹ്മാന്‍, തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ നാഗൂര്‍ ആണ്ടവരുടെ അനുഗ്രഹമാണെന്ന് എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന നാഗൂര്‍ ദര്‍ഗ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. മതസൗഹാര്‍ദത്തിന്റെ വലിയൊരു കേന്ദ്രം കൂടിയാണിത്. പതിനാറാം നൂറ്റാണ്ടിലെ സൂഫി വര്യനായ ഹസ്രത്ത് സയ്യിദ് ഷാഹുല്‍ ഹമീദ് ഖാദിരി (നാഗൂര്‍ ആണ്ടവര്‍) അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 23-ാം തലമുറക്കാരനും, പ്രശസ്ത സൂഫി വര്യന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ പരമ്പരയില്‍പ്പെട്ട ആത്മീയവര്യനും കൂടിയാണ് അദ്ദേഹം.
ഉത്തര്‍പ്രദേശിലെ മാണിക്യപ്പൂരില്‍ ജനിച്ച്, ഗ്വാളിയോറിലെ ആത്മീയ ഗുരുവില്‍ നിന്ന് ജ്ഞാനം നേടി ദേശാടനത്തിനിറങ്ങിയ സയ്യിദ് ഷാഹുല്‍ ഹമീദ് ഖാദിരി ഒടുവില്‍ തഞ്ചാവൂരിലെത്തുകയായിരുന്നു. അന്നത്തെ തഞ്ചാവൂര്‍ ഭരണാധികാരിയായിരുന്ന അച്യുതപ്പ നായ്ക്കര്‍ രാജാവിന്റെ മാറാരോഗം ഷാഹുല്‍ ഹമീദ് തങ്ങള്‍ ഭേദമാക്കിയെന്നാണ് ചരിത്രം. ഇതിന് പ്രത്യുപകാരമായി രാജാവ് നല്‍കിയ 30 ഏക്കര്‍ സ്ഥലത്താണ് ഇന്നത്തെ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ദര്‍ഗയിലെ സ്വര്‍ണ താഴികക്കുടവും അഞ്ചു മിനാരങ്ങളും ഏറെ പ്രശസ്തമാണ്. ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് വിശ്വാസികളാണ് 14 ദിവസം നീണ്ടുനില്‍ക്കുന്ന കന്തൂരി ഉറൂസിനും അല്ലാതെയും ഇവിടെയെത്തുന്നത്.