04/06/2026
[fontresizer_tawhidurrahmandear_widget]

‘ഇത് നിയമയുദ്ധമല്ല; സഹീറുദ്ദീൻ-ഫയാസുദ്ദീൻ സഹോദരങ്ങളുടെ ശിവ സ്തുതിക്ക് ക്രെഡിറ്റ് നൽകണം’-എ.ആർ റഹ്മാനോട് സുപ്രീം കോടതി

 ‘ഇത് നിയമയുദ്ധമല്ല; സഹീറുദ്ദീൻ-ഫയാസുദ്ദീൻ സഹോദരങ്ങളുടെ ശിവ സ്തുതിക്ക് ക്രെഡിറ്റ് നൽകണം’-എ.ആർ റഹ്മാനോട് സുപ്രീം കോടതി

ദാഗര്‍ സഹോദരങ്ങളായ ഉസ്താദ് സഹീറുദ്ദീനും ഉസ്താദ് ഫയാസുദ്ദീനും, എ.ആര്‍ റഹ്മാന്‍

ന്യൂഡൽഹി: മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവൻ 2’-ലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ എ.ആർ റഹ്മാനോട് സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം. ഗാനത്തിന് ആധാരമായ ‘ദാഗർവാണി’ പാരമ്പര്യത്തിനും അതിലെ ആദ്യകാല സംഗീതജ്ഞർക്കും കടപ്പാട് നൽകാൻ റഹ്മാനും ചിത്രത്തിന്റെ നിർമാതാക്കൾക്കും കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്.

ധ്രുപദ് ഗായകൻ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ആധുനിക സംഗീതജ്ഞർക്ക് അടിത്തറ പാകിയത് ഇത്തരം ശാസ്ത്രീയ സംഗീത ഘരാനകളാണെന്ന് കോടതി ഓർമിപ്പിച്ചു. നിയമപരമായ തർക്കങ്ങൾക്കപ്പുറം, ഈ പാരമ്പര്യത്തിന് അർഹമായ ബഹുമാനവും അംഗീകാരവും നൽകേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.

ഗാനം ദാഗർവാണി പാരമ്പര്യത്തിൽനിന്നുള്ളതാണെന്ന് റഹ്മാൻ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, ജൂനിയർ ദാഗർ സഹോദരന്മാരാണ് ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് എന്ന കാര്യം കൂടി സിനിമയുടെ ക്രെഡിറ്റ്‌സിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇതൊരു നിയമപോരാട്ടമായി കാണേണ്ടതില്ല. ശാസ്ത്രീയ സംഗീതത്തെ ഉപാസിക്കുന്നവർക്ക് നൽകുന്ന ആദരവായി കാണണമെന്നും കോടതി വ്യക്തമാക്കി.

ജൂനിയർ ദാഗർ സഹോദരന്മാർ എന്ന് അറിയപ്പെടുന്ന നാസിർ സഹീറുദ്ദീനും നാസിർ ഫയാസുദ്ദീനും ചേർന്ന് 1970-കളിൽ ചിട്ടപ്പെടുത്തിയ ‘ശിവ സ്തുതി’ എന്ന കൃതിയുടെ പകർപ്പവകാശം ലംഘിച്ചാണ് റഹ്മാൻ ‘വീര രാജ വീര’ ഒരുക്കിയതെന്നാണ് വാസിഫുദ്ദീൻ ദാഗറുടെ പരാതി. ഡൽഹി ഹൈക്കോടതി നേരത്തെ റഹ്മാന് അനുകൂലമായി നൽകിയ വിധി ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

റഹ്മാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി, കോടതിയുടെ നിർദേശത്തിൽ തന്റെ കക്ഷിയിൽനിന്ന് വിശദീകരണം തേടാൻ സമയം ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 20-ന് വീണ്ടും പരിഗണിക്കും. പ്രശസ്തമായ ഈ ഗാനത്തിൽ ദാഗർ സഹോദരന്മാരുടെ പേര് കൂടി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Also read: