‘കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്തൊക്കെ പുകിലുണ്ടാക്കുമായിരുന്നു?’; ബിജെപിക്കെതിരെ വീണ്ടും അര്‍ണാബ് ഗോസ്വാമി
മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ മകന്റെ ആഡംബര വിവാഹത്തെ അശ്ലീലവും വെറുപ്പുളവാക്കുന്നതുമായ ധൂർത്ത് എന്ന് വിശേഷിപ്പിച്ചാണ് റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അർണബ് ആഞ്ഞടിച്ചത്.
ഇൻഡോർ എം.എൽ.എ ഗോലു ശുക്ലയുടെ മകന്റെ വിവാഹ ആഘോഷമാണ് വിവാദത്തിന് തിരിതെളിച്ചത്. ഖജ്‌റാന ക്ഷേത്രത്തിന് സമീപം നടന്ന വിവാഹത്തിൽ വെറും 10 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതിനെ രൂക്ഷമായി വിമർശിച്ച അർണബ്, സംസ്ഥാനത്തെ ദാരുണമായ അവസ്ഥകളുമായാണ് ഈ ധൂർത്തിനെ താരതമ്യം ചെയ്തത്. നേരത്തെ, അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയും അർണാബ് വിമർശനമുയർത്തിയിരുന്നു.
മധ്യപ്രദേശിലെ റായ് ജില്ലയിൽ പ്രളയത്തിൽ കുടുങ്ങി ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചതും, അശ്രദ്ധമായ രക്തപ്പകർച്ചയിലൂടെ ആറ് കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബി.ജെ.പി മറന്നോ? പ്രൈവറ്റ് ജെറ്റുകളും ആഡംബര കാറുകളുമായി ‘ഊബർ റിച്ച്’ ജീവിതശൈലിയാണ് നേതാക്കൾ നയിക്കുന്നത്. ’കോൺഗ്രസ് അധികാരത്തിൽ ഇരിക്കെയാണ് ഇത് നടന്നതെങ്കിൽ എന്തൊക്കെ പുകിലുണ്ടാക്കുമായിരുന്നു നിങ്ങൾ”-അർണബ് കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാർ വ്യവസായികളെപ്പോലെയല്ല ജീവിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച അർണബ്, ഈ വിവാഹത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. “പ്രതിപക്ഷം ഇല്ലാതാകുമ്പോൾ ജനങ്ങൾ തന്നെ പ്രതിപക്ഷമായി മാറും” എന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ബി.ജെ.പി അനുയായികളെ ഞെട്ടിച്ചിരിക്കുകയാണ്. ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് അടക്കമുള്ളവർ ഇതിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നേരത്തെ കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിക്കുമെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം ദേശീയ തലത്തില്‍ ചർച്ചയായിരുന്നു. ആരവല്ലി മലനിരകളുടെ നാശവും രാജ്യത്തെ വായു മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് അര്‍ണാബ് റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചകളിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുപ്രീം കോടതിയെയും കടന്നാക്രമിച്ചത്. 1.3 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ആരവല്ലി മലനിരകള്‍ വന്‍കിട ബിസിനസുകാര്‍ ലാഭത്തിന് വേണ്ടി തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. ‘വലിയ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് ആരവല്ലി മലനിരകള്‍ ഇടിച്ചുനിരത്തുകയാണ്. കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി പ്രകൃതിയെ തകര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്?’-അദാനി ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.
അർണബിന്റെ ഈ അപ്രതീക്ഷിത മനംമാറ്റം മാധ്യമപ്രവർത്തനത്തിന്റെ തിരിച്ചുവരവാണോ അതോ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പ്രതിഫലനമാണോ എന്ന് പലരും ചോദിക്കുന്നു. “അപൂർവ്വമായ അർണബ് നിമിഷം” എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഗുരുതരമായ ഈ ആരോപണങ്ങളോട് ബി.ജെ.പിയോ എം.എൽ.എയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.