28/03/2026
[fontresizer_tawhidurrahmandear_widget]

അയോധ്യയില്‍ ധ്വജാരോഹണവും കഴിഞ്ഞു; തകര്‍ക്കപ്പെട്ട ബാബരിക്ക് പരിഹാരമായി പ്രഖ്യാപിച്ച പള്ളിയുടെ അവസ്ഥ ഇതാണ്!

 അയോധ്യയില്‍ ധ്വജാരോഹണവും കഴിഞ്ഞു; തകര്‍ക്കപ്പെട്ട ബാബരിക്ക് പരിഹാരമായി പ്രഖ്യാപിച്ച പള്ളിയുടെ അവസ്ഥ ഇതാണ്!

ലഖ്‌നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും, അയോധ്യയില്‍ പകരമായി നല്‍കിയ സ്ഥലത്തെ പള്ളി നിര്‍മാണം എങ്ങുമെത്തിയില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞ് ഭക്തര്‍ക്കായി തുറന്നുകൊടുത്തെങ്കിലും, ധന്നിപ്പൂരില്‍ പള്ളിക്കായി അനുവദിച്ച 5 ഏക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

അയോധ്യ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പൂരിലാണ് പള്ളിക്കായി സ്ഥലം അനുവദിച്ചത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ നൂലാമാലകളും കാരണം പദ്ധതി നീണ്ടുപോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളിയുടെ നിര്‍മാണ ചുമതലയുള്ള ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (IICF) നേരിടുന്ന പ്രധാന വെല്ലുവിളി ഫണ്ടിന്റെ അപര്യാപ്തതയാണ്. കൂടാതെ, ഭൂമി തരംമാറ്റം, ഫയര്‍ സേഫ്റ്റി, പരിസ്ഥിതി അനുമതികള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ അനുമതികള്‍ (NOC) ലഭിക്കുന്നതിലുണ്ടായ കാലതാമസവും നിര്‍മ്മാണത്തെ ബാധിച്ചു.

തുടക്കത്തില്‍ തയ്യാറാക്കിയ പള്ളിയുടെ രൂപരേഖയില്‍ പിന്നീട് മാറ്റം വരുത്തിയിരുന്നു. ആദ്യം സമകാലിക ശൈലിയിലുള്ള രൂപരേഖയാണ് തയ്യാറാക്കിയതെങ്കിലും, പിന്നീട് അത് മാറ്റി പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയിലുള്ള പുതിയ ഡിസൈന്‍ സ്വീകരിച്ചു. ‘മസ്ജിദ് മുഹമ്മദ് ബിന്‍ അബ്ദുല്ല’ എന്നാണ് പള്ളിക്ക് പേരിട്ടിരിക്കുന്നത്. അഞ്ചു മിനാരങ്ങളോട് കൂടിയ കൂറ്റന്‍ പള്ളിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൂനെയില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റാണ് പുതിയ പ്ലാന്‍ തയ്യാറാക്കിയത്.

നിലവിലെ അവസ്ഥ വിധി വന്ന് ആറ് വര്‍ഷമായിട്ടും ധന്നിപ്പൂരിലെ സൈറ്റില്‍ മണ്ണ് പരിശോധനയും പ്രതീകാത്മകമായ ചില ചടങ്ങുകളും അല്ലാതെ കാര്യമായ നിര്‍മാണങ്ങളൊന്നും നടന്നിട്ടില്ല. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായി, അയോധ്യ നഗരം വലിയ വികസനത്തിന് സാക്ഷ്യം വഹിക്കുമ്പോഴും, ധന്നിപ്പൂരിലെ പള്ളി നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

Also read: