‘ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലം തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങള്‍ വിലപ്പോകില്ല’; ആഞ്ഞടിച്ച് സ്റ്റാലിന്‍
എം.കെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം അത്തരം നീക്കങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കുറിച്ചിയില്‍ പുതുതായി നിര്‍മിച്ച കലക്ടറേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിന്ദുക്കള്‍ ദര്‍ഗകളില്‍ പ്രാര്‍ഥിക്കുന്ന, മുസ്‍ലിംകള്‍ ചിത്തിര തിരുവിഴ ആഘോഷിക്കുന്ന, ക്രിസ്ത്യാനികള്‍ പള്ളികളില്‍ പൊങ്കല്‍ അര്‍പ്പിക്കുന്ന നാടാണിത്. ഈ മതസൗഹാര്‍ദവും സമാധാനവുമാണ് ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് ഇളക്കിവിട്ട് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ഇവിടെ നടപ്പില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് തമിഴ്നാട് വലിയ തകര്‍ച്ചാണ് നേരിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡി.എം.കെ ഭരണത്തിന് കീഴില്‍ സംസ്ഥാനം തിരിച്ചുവരവിന്റെ പാതയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കിടയിലും തമിഴ്നാട് വികസനത്തില്‍ മുന്നേറുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മര്‍ദനമേല്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കള്ളക്കുറിച്ചിയില്‍ പുതിയ പഞ്ചായത്ത് യൂണിയന്‍, സര്‍ക്കാര്‍ കോളേജ് കെട്ടിടം, സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, 120 കോടി രൂപയുടെ കോടതി സമുച്ചയം തുടങ്ങി എട്ടോളം പുതിയ പദ്ധതികളും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.