‘മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടലംഘനം’; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ ഫെമ ചട്ടലംഘനം നടന്നെന്ന കേസിലാണ് നടപടി.
അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവര്‍ക്കും നോട്ടീസുണ്ട്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്.
കിഫ്ബി ഇറക്കിയ മസാലാ ബോണ്ടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ വിഷയത്തിൽ നേരത്തെ കിഫ്ബി അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കിഫ്ബി വൃത്തങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
മസാലാ ബോണ്ട് വഴി പണം സമാഹരിച്ചതിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇ.ഡിയുടെ ശ്രമം. കിഫ്ബി മസാലാ ബോണ്ട് വിഷയത്തിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്ന് നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇ.ഡിയുടെ ഈ നടപടി സംസ്ഥാന സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയുയർത്തുകയാണ്. ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഉൾപ്പെട്ടുവെന്നതിനാലാണ് നോട്ടീസിന് കൂടുതൽ പ്രാധാന്യം. മുഖ്യമന്ത്രി ഉടൻതന്നെ നോട്ടീസിനോട് പ്രതികരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.