ചാർട്ടേഡ് അക്കൗണ്ടിൻ്റെ സമ്പാദ്യം 900 കോടി; ഇ.ഡി റെയ്ഡ്
റാഞ്ചി: ഫെമ ലംഘനക്കേസില്‍ റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നരേഷ് കുമാര്‍ കെജ്‌രിവാളിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി ഇന്നലെ വന്‍ റെയ്ഡ് നടത്തി. റാഞ്ചി, മുംബൈ, സൂറത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ആദായനികുതി അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതര വിവരങ്ങളെയാണ് ഇഡി പിന്തുടര്‍ന്നത്. യുഎഇ, നൈജീരിയ, യുഎസ് എന്നിവിടങ്ങളിലെ വെളിപ്പെടുത്താത്ത ഷെല്‍ സ്ഥാപനങ്ങളെ, കെജ്‌രിവാള്‍ നിയന്ത്രിച്ചുവരുന്നുവെന്നും, ഇവ മുഖാന്തരം 900 കോടിയിലധികം രൂപയുടെ, കണക്കില്‍ പെടാത്ത പണം അന്വേഷണത്തില്‍ കണ്ടെത്തി.
കൂടാതെ, കമ്പനികളുടെ പേരില്‍ വ്യാജ ടെലിഗ്രാഫിക് ട്രാന്‍സ്ഫറുകള്‍ വഴി, ഏകദേശം 1,500 കോടി ഇന്ത്യയിലേക്ക് കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. വിദേശ ആസ്തികളെ നിയമപരമായ രേഖകളില്‍ വെളിപ്പെടുത്താത്തതും സ്ഥാപനങ്ങള്‍ നിയമവിരുദ്ധ ഫണ്ട് നിക്ഷേപത്തിന് ഉപയോഗിച്ചതുമായാണ് ഇഡിയുടെ സംശയം.
അതിര്‍ത്തിക്കപ്പുറമുള്ള അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍, ഡോക്യുമെന്ററി തെളിവുകളാണ് ഇഡി ഇപ്പോള്‍ ശേഖരിക്കുന്നത്.