‘ബാര്‍ക് തട്ടിപ്പി’ല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരെ കേസ്
കൊച്ചി: രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കുമായി (BARC) ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ബാര്‍ക് സീനിയര്‍ മാനേജരായ പ്രേംനാഥിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (FIR against Reporter TV owners in BARC scam case)
24 ചാനലിലെ ഉണ്ണികൃഷ്ണല് നല്കിയ പരാതിയിലാണു നടപടി. ടെലിവിഷന്‍ റേറ്റിങ്് കണക്കെടുപ്പില്‍ കൃത്രിമം കാണിക്കുകയും അട്ടിമറിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തെ, ബാര്‍ക്കിന്റെ റേറ്റിങ് കണക്കെടുപ്പിലെ അശാസ്ത്രീയതകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടി വാര്‍ത്താ ചാനലായ മീഡിയവണ്‍ ബാര്‍ക്കില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ ബാര്‍ക് റേറ്റിങ്ങില്‍ ഗുരുതരമായ തട്ടിപ്പ് നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനായി ക്രിപ്റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിനുപിന്നാലെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, സംസ്ഥാനത്തെ ടെലിവിഷന്‍ റേറ്റിങ് തട്ടിപ്പുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയും സൈബര്‍ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.