02/06/2026
[fontresizer_tawhidurrahmandear_widget]

കംബോഡിയയിൽ മഹാവിഷ്ണു പ്രതിമ തകർത്തു; ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

 കംബോഡിയയിൽ മഹാവിഷ്ണു പ്രതിമ തകർത്തു; ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: കംബോഡിയ-തായ്‌ലൻഡ് അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥാപിച്ചിരുന്ന മഹാവിഷ്ണു പ്രതിമ തായ് സൈന്യം തകർത്ത സംഭവത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. ഇത്തരം അനാദരവ് നിറഞ്ഞ പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും ഇത് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ ആൻ സെസ് (An Ses) മേഖലയിൽ 2014-ൽ സ്ഥാപിച്ച വിഷ്ണു വിഗ്രഹമാണ് തായ്‌ലൻഡ് സൈനികർ തകർത്തത്. മണ്ണുമാന്തി യന്ത്രം (Backhoe loader) ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ മാത്രം അകലെയായിരുന്നു ഈ പ്രതിമ സ്ഥിതി ചെയ്തിരുന്നത്.

സംഭവത്തിൽ ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഈ മേഖലയിലെ ജനങ്ങൾ ഹിന്ദു-ബുദ്ധ ദൈവങ്ങളെ ഒരുപോലെ ആദരിക്കുന്നവരാണ്. ഇത് നമ്മുടെ പങ്കിട്ട നാഗരിക പൈതൃകത്തിന്റെ ഭാഗമാണ്. വിഷ്ണു പ്രതിമയോടുള്ള ഇത്തരം അനാദരവ് ഒരിക്കലും അംഗീകരിക്കാനാവില്ല,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രശ്നങ്ങൾ വഷളാക്കാതെ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും ശ്രദ്ധിക്കണമെന്നും, നയതന്ത്ര ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈ മുതൽ ഈ മേഖലയിൽ അതിർത്തി തർക്കം രൂക്ഷമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സ്ഥിതിഗതികൾ അല്പം ശാന്തമായിരുന്നുവെങ്കിലും, ഈ മാസത്തോടെ വീണ്ടും സംഘർഷം കടുക്കുകയായിരുന്നു. ഇതിനിടയിലാണ് വിശ്വാസികൾ ആരാധിക്കുന്ന വിഷ്ണു പ്രതിമ തകർക്കപ്പെട്ടത്. കംബോഡിയൻ ഭരണകൂടവും ഈ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്.

Also read: