‘റഹ്മാൻ ഗലി ഇനി മുതൽ രാം ഗലി’; ലാഹോറിലെ തെരുവുകൾക്ക് വിഭജനത്തിന് മുമ്പുള്ള പേരുകൾ പുനഃസ്ഥാപിച്ച് പാകിസ്താൻ
ഇസ്‌ലാമാബാദ്: നഗരത്തിന്റെ ചരിത്രപരമായ പൈതൃകവും സാംസ്‌കാരിക സ്വത്വവും വീണ്ടെടുക്കുന്നതിനായി തെരുവുകൾക്ക് വിഭജനത്തിന് മുമ്പുള്ള പഴയ പേരുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താൻ. 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രശസ്തമായ ഒമ്പതിലധികം സ്ഥലങ്ങളുടെ പേരുകൾ ഇതിനോടകം തന്നെ ഭരണകൂടം മാറ്റിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി ‘റഹ്മാൻ ഗലി’ ഇനി മുതൽ പഴയതുപോലെ ‘രാം ഗലി’ എന്നറിയപ്പെടും. ‘ഇസ്‌ലാംപുര’ എന്ന പ്രദേശം അതിന്റെ പഴയ പേരായ ‘കൃഷൻ നഗർ’ എന്ന് മാറിയപ്പോൾ, ‘ബാബരി മസ്‌ജിദ് ചൗക്ക്’ ഇനി മുതൽ ‘ജൈൻ മന്ദിർ ചൗക്ക്’ ആയി മാറും. വരും ദിവസങ്ങളിൽ കൂടുതൽ തെരുവുകളുടെ പേരുകൾ മാറ്റാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
മാറ്റം വന്ന പ്രധാന സ്ഥലങ്ങൾ:
- സുന്നത്ത് നഗർ — സാന്ത് നഗർ
- മുസ്തഫാബാദ് — ധരംപുര
- മൗലാനാ സഫർ അലി ഖാൻ ചൗക്ക് — ലക്ഷ്‌മി ചൗക്ക്
- ഫാത്തിമ ജിന്ന റോഡ് — ക്വീൻസ് റോഡ്
- ബാഗ്-ഇ-ജിന്ന — ലോറൻസ് ഗാർഡൻസ്
വിഭജനത്തിന് മുമ്പ് മുസ്‌ലിം, ഹിന്ദു, സിഖ്, ജൈൻ, ക്രിസ്ത്യൻ ജനവിഭാഗങ്ങൾ ഒത്തൊരുമയോടെ ജീവിച്ചിരുന്ന ലാഹോറിന്റെ ബഹുസ്വര സംസ്‌കാരം ഉയർത്തിക്കാട്ടാനാണ് പൈതൃക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ, ഈ നീക്കത്തിന് പിന്നിൽ കേവലം സാംസ്‌കാരിക പൈതൃകം മാത്രമല്ല ഉള്ളതെന്നാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ഐഎംഎഫ് സഹായങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യവും, എഫ്എടിഎഫിന്റെ കർശന നിരീക്ഷണങ്ങളും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും, വിദേശ നിക്ഷേപകരെ ആകർഷിക്കാനും, പൈതൃക ടൂറിസം വഴി വരുമാനം വർധിപ്പിക്കാനുമുള്ള നീക്കം കൂടിയാണ് ഈ പേരുമാറ്റമെന്നും റിപ്പോർട്ടുകളുണ്ട്.