മോദി പുടിന് വിരുന്നൊരുക്കുന്നത് നൈസാം പണിത അത്യാഡംബര കൊട്ടാരത്തില്‍; 400 കോടിയുടെ ‘ഹൈദരാബാദ് ഹൗസ്’ ഇന്ത്യയുടെ ‘ഡിപ്ലോമാറ്റിക് ബംഗ്ലാവ്’ ആയത് ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മീര്‍ ഉസ്മാന്‍ അലി ഖാന്‍ പണിത ആഡംബര വസതി. ഇന്ന് ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ‘ഡിപ്ലോമാറ്റിക് ബംഗ്ലാവ്’ ആണ് ആ രമ്യഹര്‍മം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് വിരുന്നൊരുക്കുന്ന ‘ഹൈദരാബാദ് ഹൗസ്’ എന്ന ചരിത്രമുറങ്ങുന്ന കൊട്ടാരത്തെ കുറിച്ചാണു പറഞ്ഞുവരുന്നത്.
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ ഉള്‍പ്പെടുത്തിയ ‘ചേംബര്‍ ഓഫ് പ്രിന്‍സസ്’ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഒരു സ്ഥിരതാമസം വേണ്ടിയിരുന്നു നൈസാമിന്. അങ്ങനെയാണ് ഡല്‍ഹിയില്‍ കൊട്ടാരം പണിയാന്‍ നൈസാം തീരുമാനിച്ചത്. വൈസ്രോയിയുടെ വസതിക്ക്(രാഷ്ട്രപതി ഭവന്‍) തൊട്ടടുത്ത് ഒരു വീട് വേണമെന്നായിരുന്നു നൈസാമിന്റെ ആവശ്യം. എന്നാല്‍, ബ്രിട്ടീഷ് ഭരണകൂടം ആവശ്യം തള്ളിയതോടെയാണ്, ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പ്രതിമയ്ക്ക് സമീപം രാജ്പഥിന്റെ അറ്റത്തുള്ള പ്ലോട്ട് ഹൈദരാബാദിനായി ലഭിച്ചത്.
വൈസ്രോയി ഭവനം രൂപകല്‍പ്പന ചെയ്ത പ്രശസ്ത വാസ്തുശില്‍പി എഡ്വിന്‍ ലുട്ട്യന്‍സ് തന്നെയാണ് ഈ കൊട്ടാരവും രൂപകല്‍പന ചെയ്തത്. 1926ല്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ ഏകദേശം 50 ലക്ഷം ചെലവഴിച്ച ഈ മന്ദിരത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം 400 കോടിക്ക് അടുത്താണ്. 8.2 ഏക്കറില്‍ ചിത്രശലഭത്തിന്റെ രൂപത്തില്‍ നിര്‍മിച്ച ഈ മന്ദിരം 36 മുറികളും മുറ്റങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ നാല് മുറികള്‍ സ്ത്രീകള്‍ക്കായുള്ള ‘സനാന’ ക്വാര്‍ട്ടേഴ്‌സായി നീക്കിവച്ചിരുന്നു. യൂറോപ്യന്‍-മുഗള്‍ ശൈലികളുടെ സംയോജനമാണ് ഇതിന്റെ പ്രത്യേകത.
ഇത്രയധികം ധനം ചെലവഴിച്ചെങ്കിലും, ഈ കൊട്ടാരത്തിന് കൂടുതല്‍ ‘പാശ്ചാത്യ ശൈലി’ ഉണ്ടെന്ന് നൈസാം വിശ്വസിച്ചിരുന്നു. അതിനാല്‍, അദ്ദേഹം ഇവിടെ വളരെ ചുരുക്കമായി മാത്രമേ സന്ദര്‍ശിച്ചിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും 1948-ല്‍ ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും ചെയ്തതോടെ കൊട്ടാരത്തിന്റെ വിധി മാറി. 1954-ല്‍ ഇത് ഇന്ത്യാ ഗവണ്‍മെന്റ് പാട്ടത്തിനെടുക്കുകയും 1974-ഓടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യയുടെ ഔദ്യോഗിക സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് ആയി മാറുകയും ചെയ്തു.
അശോക് റോഡിലെ ഈ ചരിത്ര സ്മാരകമാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്ന പ്രധാന വേദി. ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു ബുഷ് തുടങ്ങിയ മുന്‍ യുഎസ് പ്രസിഡന്റുമാര്‍ മുതല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ വരെയുള്ള ലോകനേതാക്കളുടെ ഉന്നതതല ചര്‍ച്ചകള്‍ക്ക് ഈ മന്ദിരം വേദിയായിട്ടുണ്ട്. ലോകത്തെ ഏറ്റവും ധനികനായ ഭരണാധികാരിയുടെ വസതി, ഇന്ന് അന്താരാഷ്ട്ര നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന നിര്‍ണായക കേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്നു.