30/03/2026
[fontresizer_tawhidurrahmandear_widget]

‘സാരേ ജഹാന്‍ സേ അച്ഛാ…’; വന്ദേമാതര ചര്‍ച്ചയില്‍ അല്ലാമ ഇഖ്ബാലിനെ ചൊല്ലി ഇഖ്റ ഹസന്‍

 ‘സാരേ ജഹാന്‍ സേ അച്ഛാ…’; വന്ദേമാതര ചര്‍ച്ചയില്‍ അല്ലാമ ഇഖ്ബാലിനെ ചൊല്ലി ഇഖ്റ ഹസന്‍

ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപിയെ കടന്നാക്രമിച്ച് സമാജ്വാദി പാര്‍ട്ടി എംപി ഇഖ്റ ഹസന്‍ ചൗധരി. വന്ദേമാതരം നിര്‍ബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, പ്രശസ്ത കവി അല്ലാമ ഇഖ്ബാലിന്റെ ‘സാരേ ജഹാന്‍ സേ അച്ഛാ’ എന്ന കവിതയിലെ വരികള്‍ ചൊല്ലിയാണ് ഇഖ്റ ഭരണപക്ഷത്തിന്റെ വായടപ്പിച്ചത്.

ദേശസ്‌നേഹം തെളിയിക്കാന്‍ പ്രത്യേക ഗാനങ്ങള്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് ഇഖ്റ ഹസന്‍ അല്ലാമ ഇഖ്ബാലിന്റെ വരികള്‍ ഉദ്ധരിച്ചത്. ‘മദ്ഹബ് നഹി സിഖാതാ ആപസ് മേം ബൈര്‍ രഖ്നാ, ഹിന്ദി ഹേ ഹം വതന്‍ ഹേ ഹിന്ദുസ്ഥാന്‍ ഹമാര'(മതം നമ്മെ തമ്മിലടിക്കാന്‍ പഠിപ്പിക്കുന്നില്ല, നമ്മള്‍ ഇന്ത്യക്കാരാണ്, ഇന്ത്യ നമ്മുടെ രാജ്യമാണ്) – എന്ന വരികള്‍ അവര്‍ സഭയില്‍ ചൊല്ലി.

വന്ദേമാതരം നിര്‍ബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ അടല്‍ ബിഹാരി വാജ്പേയി 1998-ല്‍ എടുത്ത ശക്തമായ നിലപാട് ചൂണ്ടിക്കാട്ടിയാണ് ഇഖ്റ ഭരണപക്ഷത്തെ നേരിട്ടത്. 1998-ല്‍ ഉത്തര്‍പ്രദേശില്‍ കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്ന് ഇഖ്റ ഹസന്‍ സഭയില്‍ ഓര്‍മിപ്പിച്ചു.

സ്‌കൂളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയപ്പോള്‍ വാജ്പേയി അതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആ ഉത്തരവ് ഇറക്കിയ മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടു. ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് വാജ്പേയി അന്ന് സ്വീകരിച്ചതെന്നും ഇഖ്റ പറഞ്ഞു.

‘അന്ന് വാജ്പേയി ചെയ്തത് ന്യൂനപക്ഷ പ്രീണനമായിരുന്നോ? അതോ രാജധര്‍മമായിരുന്നോ? വന്ദേമാതരം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന നിലപാടെടുത്ത വാജ്പേയിയെ നിങ്ങള്‍ തള്ളിപ്പറയുമോ?’-ഇഖ്റ ഹസന്‍ ചോദിച്ചു.

ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ക്കും ഇഖ്റ മറുപടി നല്‍കി. ‘ഞങ്ങള്‍ ബൈ ചാന്‍സ് (യാദൃശ്ചികമായി) ഇന്ത്യക്കാരായവരല്ല, ബൈ ചോയ്‌സ് (സ്വന്തം ഇഷ്ടപ്രകാരം) ഇന്ത്യക്കാരായവരാണ്. ജിന്നയുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ് ഈ മണ്ണില്‍ ജീവിക്കാന്‍ തീരുമാനിച്ചവരുടെ പിന്മുറക്കാരാണ് ഞങ്ങള്‍,’ ഇഖ്റ വ്യക്തമാക്കി. മക്കളെ മാറ്റിനിര്‍ത്തി ഭാരതമാതാവിനെ ആരാധിക്കാനാവില്ലെന്നും, വാജ്പേയി പറഞ്ഞതുപോലെ ഭാരതം വെറുമൊരു മണ്ണല്ല, അത് ഇവിടുത്തെ ജനങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also read: