28/03/2026
[fontresizer_tawhidurrahmandear_widget]

പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം, റോഡ് ഉപരോധിച്ച് പ്രതിഷേധം

 പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം, റോഡ് ഉപരോധിച്ച് പ്രതിഷേധം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് മുസ്‍ലിം ലീഗ് നേതൃത്വം ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ സംഘടിതമായെത്തിയ സി.പി.എം സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് ലീഗ് നേതൃത്വം കുറ്റപ്പെടുത്തി.

ആക്രമണ വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം നിരവധി മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി. നജീബ് കാന്തപുരം എം.എ.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ പ്രധാന റോഡ് ഉപരോധിച്ച് ശക്തമായി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി.പി.എം ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം, ലീഗിന്റെ ആരോപണങ്ങള്‍ സി.പി.എം തള്ളി. സംഘര്‍ഷത്തിന് തുടക്കമിട്ടത് മുസ്‍ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം പ്രതികരിച്ചു. ലീഗ് പ്രവര്‍ത്തകര്‍ ആദ്യം പ്രകോപനം സൃഷ്ടിക്കുകയും കല്ലെറിയുകയും ചെയ്തപ്പോഴാണ് തങ്ങള്‍ പ്രതികരിച്ചതെന്നാണ് സി.പി.എം നല്‍കുന്ന വിശദീകരണം. ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പെരിന്തല്‍മണ്ണയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരത്തില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Also read: