’ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമം ചർച്ച ചെയ്യുക’; പരീക്ഷാ ചോദ്യത്തിൽ ജാമിഅ പ്രൊഫസർക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പറിൽ ’വിവാദമായ’ ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ച് ജാമിയ മില്ലിഅ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറെ സസ്‌പെൻഡ് ചെയ്തു. ബി.എ (ഓണേഴ്‌സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യം വിവാദമായതിനെത്തുടർന്ന് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
‘ഇന്ത്യയിലെ സാമൂഹിക പ്രശ്‌നങ്ങൾ’ (Social Problems in India) എന്ന വിഷയത്തിലെ പരീക്ഷാ പേപ്പറിലായിരുന്നു വിവാദ ചോദ്യം. “ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഉചിതമായ ഉദാഹരണങ്ങൾ നൽകി ചർച്ച ചെയ്യുക” എന്ന ചോദ്യമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർവകലാശാലയ്ക്കെതിരെ വിമർശനം ശക്തമായിരുന്നു.
നടപടി ഇങ്ങനെ
അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.
അന്വേഷണം പൂർത്തിയാകുന്നത് വരെ ഇദ്ദേഹം സസ്‌പെൻഷനിൽ തുടരും. സസ്‌പെൻഷൻ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും നിർദ്ദേശമുണ്ട്.
സംഭവത്തിൽ പ്രതിഷേധവുമായി ഡൽഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (DUTA) രംഗത്തെത്തി. ചോദ്യം ഏകപക്ഷീയമാണെന്നും തെറ്റായ പൊതുബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടന ആരോപിച്ചു. കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇത്തരം ചോദ്യങ്ങൾ അനുവദിക്കരുതെന്നും, സിലബസ് ഉടനടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഡിയുടിഎ വിദ്യാഭ്യാസ മന്ത്രാലയത്തിനും യുജിസിക്കും കത്തയച്ചിട്ടുണ്ട്.