28/03/2026
[fontresizer_tawhidurrahmandear_widget]

മെറ്റയുടെ വമ്പൻ നീക്കം: സിംഗപ്പൂര്‍ AI സ്റ്റാർട്ടപ്പ് ഏറ്റെടുത്ത് സക്കര്‍ബര്‍ഗ്

 മെറ്റയുടെ വമ്പൻ നീക്കം: സിംഗപ്പൂര്‍ AI സ്റ്റാർട്ടപ്പ് ഏറ്റെടുത്ത് സക്കര്‍ബര്‍ഗ്

ആഗോള ടെക് ഭീമന്മാരായ മെറ്റാ പ്ലാറ്റ്‌ഫോമ് സിംഗപ്പൂർ ആസ്ഥാനമായുള്ള AI സ്റ്റാർട്ടപ്പ് ‘മനുസിനെ’ (Manus) ഏറ്റെടുക്കുന്നു. ഏകദേശം 2 ബില്യൺ ഡോളറിനാണ് (ഏകദേശം 16,800 കോടി രൂപ) നിർണ്ണായക ഇടപാട് നടക്കുന്നത്. നിർമ്മിത ബുദ്ധി (AI) മേഖലയിൽ മൈക്രോസോഫ്റ്റിനോടും ഓപ്പൺഎഐയോടും മത്സരിക്കുന്ന മെറ്റയ്ക്ക് ഈ ഏറ്റെടുക്കൽ വലിയ കരുത്താകും.

സിലിക്കൺ വാലിയിൽ കഴിഞ്ഞ ഏപ്രിലിൽ വലിയ ചർച്ചയായ കമ്പനിയാണ് മനുസ്. ജോലിക്കായി അപേക്ഷകരെ സ്‌ക്രീൻ ചെയ്യുക, യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുക, ഓഹരി വിപണി വിശകലനം ചെയ്യുക തുടങ്ങി മനുഷ്യൻ ചെയ്യുന്ന സങ്കീർണ്ണമായ ജോലികൾ സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കുന്ന ‘AI ഏജന്റ്’ സാങ്കേതികവിദ്യയാണ് ഇവർ വികസിപ്പിച്ചത്. ഓപ്പൺഎഐയുടെ ഡീപ് റിസർച്ച് മോഡലുകളെക്കാൾ മികച്ച പ്രകടനമാണ് തങ്ങളുടേതെന്ന് മനുസ് അവകാശപ്പെടുന്നുണ്ട്. 2025 ഏപ്രിലിൽ 500 മില്യൺ ഡോളർ മൂല്യം കണക്കാക്കിയിരുന്ന ഈ കമ്പനി, നിലവിൽ 100 മില്യൺ ഡോളറിലധികം വാർഷിക വരുമാനം നേടുന്നുണ്ട്.

എന്നാൽ ഈ ഏറ്റെടുക്കൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മനുസിന്റെ സ്ഥാപകർ ചൈനക്കാരാണെന്നതും 2022ൽ ബീജിംഗിലാണ് കമ്പനി പ്രവർത്തനമാരംഭിച്ചതെന്നതുമാണ് പ്രധാന ആശങ്ക. അമേരിക്കൻ മൂലധനം ചൈനീസ് താൽപ്പര്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്നാരോപിച്ച് സെനറ്റർ ജോൺ കോർണിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ചൈനയുമായുള്ള സാങ്കേതിക മത്സരത്തിൽ അമേരിക്കൻ കമ്പനികൾ ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത് വാഷിംഗ്ടണിൽ വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.

വിവാദങ്ങൾ കണക്കിലെടുത്ത്, ഏറ്റെടുക്കലിന് ശേഷം മനുസിന് ചൈനീസ് നിക്ഷേപകരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് മെറ്റാ വക്താവ് വ്യക്തമാക്കി. കമ്പനിയുടെ ചൈനയിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കും. മനുസിനെ ഒരു സ്വതന്ത്ര വിഭാഗമായി നിലനിർത്തുമെങ്കിലും, അതിന്റെ വികസിത AI ഏജന്റുകളെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ മെറ്റ ഉൾപ്പെടുത്തും. നിലവിലുള്ള ‘മെറ്റാ AI’യെക്കാൾ സ്മാർട്ടായ ഉൽപ്പന്നം ഉപയോക്താക്കളിലെത്തിക്കുകയാണ് മാർക്ക് സക്കർബർഗിന്റെ ലക്ഷ്യം.

Also read: