ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകം കാണുന്നു; ലോക നേതാക്കൾ മോദിയെ സശ്രദ്ധം ശ്രവിക്കുന്നു: മോഹൻ ഭഗവത്
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ലോകനേതാക്കള്‍ സശ്രദ്ധം കേള്‍ക്കുന്നുവെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത്. ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള ശക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഈ മുന്നേറ്റം ലോകരാജ്യങ്ങളുടെ സമീപനത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നതെന്നും ഭഗവത് പറഞ്ഞു. ആർ.എസ്.എസ്സിന്റെ നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി പൂനെയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
ഇന്ത്യ ഉയർന്നു വരുമ്പോൾ, ആഗോള പ്രശ്നങ്ങള്‍ക്കും സംഘർഷങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്ന് ലോകം വിശ്വസിക്കുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആശയമാണ്, ഇപ്പോൾ അത് പുനഃസ്ഥാപിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് ഭഗവത് ചൂണ്ടിക്കാട്ടി.
മോദിക്ക് ആഗോളതലത്തിൽ ലഭിക്കുന്ന പ്രാധാന്യം, ഇന്ത്യയുടെ ശക്തി ശരിയായ ഇടങ്ങളിൽ പ്രകടമാകുന്നതിനാലാണ്. ഇന്ത്യയുടെ ഉയർച്ച ലോകത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികളെ മറികടന്ന് ആർ.എസ്.എസ് 100 വർഷം പൂർത്തിയാക്കിയെങ്കിലും, സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഈ ദൗത്യം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഭഗവത് ഓർമിപ്പിച്ചു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് സമൂഹത്തിന്റെ ഐക്യമാണ്. ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലൂടെ വരുന്ന ഏകത്വമാണ്. അതിന് ധർമം നിർണായകമായ പങ്ക് വഹിക്കുന്നുവെന്നും ഭഗവത് കൂട്ടിച്ചേർത്തു.