നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുലിനും എതിരായ ഇ.ഡി കുറ്റപത്രം തള്ളി ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസമായി കോടതി വിധി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി റൗസ് അവന്യൂ കോടതി അംഗീകരിച്ചില്ല. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തതെന്നും, എഫ്.ഐ.ആര് ഇല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഈ കേസ് നിലനില്‍ക്കില്ലെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ വ്യക്തമാക്കി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ സ്വകാര്യ പരാതിയിലായിരുന്നു ഇ.ഡി അന്വേഷണം നടത്തിയത്.
അതേസമയം, നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്‍കേണ്ടതില്ലെന്നും ഇതേ കോടതി മറ്റൊരു ഉത്തരവില്‍ വ്യക്തമാക്കി. എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കണമെന്ന് നേരത്തെ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പ്രതികള്‍ക്ക് എഫ്.ഐ.ആര് പകര്‍പ്പിന് അര്‍ഹതയില്ലെന്ന് കോടതി വിധിച്ചത്. എന്നാല്‍, എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത വിവരം പ്രതികളെ അറിയിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
കോടതി വിധിയില്‍ ഇ.ഡി അപ്പീല്‍ നല്കാന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ സുമന് ദുബെ, സാം പിട്രോഡ, യങ് ഇന്ത്യന്‍ കമ്പനി തുടങ്ങിയവരും കേസില്‍ പ്രതികളാണ്.
നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ(AJL) യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്നാണ് കേസിനാസ്പദമായ ആരോപണം.