11/06/2026
[fontresizer_tawhidurrahmandear_widget]

കടം പെരുകി പാപ്പരായി: പാകിസ്ഥാന്‍ സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കുന്നു; നിയന്ത്രണത്തിലാക്കാന്‍ നീക്കവുമായി അസിം മുനീറിന്‍റെ കമ്പനി

 കടം പെരുകി പാപ്പരായി: പാകിസ്ഥാന്‍  സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കുന്നു; നിയന്ത്രണത്തിലാക്കാന്‍ നീക്കവുമായി അസിം മുനീറിന്‍റെ കമ്പനി

ഇസ്ലാമാബാദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങി പാകിസ്ഥാന്‍. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണമാണ് നടക്കാനിരിക്കുന്നത്.

അന്താരാഷ്ട്ര നാണയ നിധിയുടെ 7 ബില്യണ്‍ ഡോളറിന്റെ വായ്പ പദ്ധതിയുടെ വ്യവസ്ഥകളുടെ ഭാഗമായാണ് ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്ക് വിധേയമാകുന്നത്.

ലേലം 23ന് നടക്കും. സുതാര്യത ഉറപ്പാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഹരിയുടെ 51% മുതല്‍ 100% വരെ സ്വകാര്യ വാങ്ങുന്നവര്‍ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.

ഫൗജി ഫെര്‍ട്ടിലൈസര്‍, ലക്കി സിമന്റ് കണ്‍സോര്‍ഷ്യം, ആരിഫ് ഹബീബ് കോര്‍പ്പറേഷന്‍ കണ്‍സോര്‍ഷ്യം, എയര്‍ ബ്ലൂ ലിമിറ്റഡ് എന്നിവരാണ് വിമാന കമ്പനി വാങ്ങാനുള്ള ലേലത്തില്‍ പങ്കെടുക്കുക.

പാക്ക് സൈന്യം നിയന്ത്രിക്കുന്ന പാക്കിസ്ഥാനിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശംഖലയായ ഫൗജി ഫൗണ്ടേഷന് കീഴിലുള്ള കമ്പനിയാണ് ഫൗജി ഫെര്‍ട്ടിലൈസര്‍. പാക്കിസ്ഥാനിലെ സൈനിക നേതൃത്വമായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഫൗജി ഫൗണ്ടേഷനില്‍ നേരിട്ട് സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും ഫൗജി ഫൗണ്ടേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ഭാഗമായ ക്വാര്‍ട്ടര്‍മാസ്റ്റര്‍ ജനറലിനെ നിയമിക്കുന്നത് അസിം മുനീറാണ്. അതിനാല്‍ തന്നെ എയര്‍ലൈന്‍സ് വാങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോട്ടുണ്ട്.

അമിത ജീവനക്കാരുടെ എണ്ണം, രാഷ്ട്രീയ ഇടപെടല്‍, അഴിമതി, 200 ബില്യണിലധികം വരുന്ന കടം എന്നിവയാണ് എയര്‍ലൈന്‍സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. 2020ലെ വ്യാജ പൈലറ്റ് ലൈസന്‍സ് വിവാദത്തെത്തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര വിലക്കുകളും എയര്‍ലൈനിന് വലിയ തിരിച്ചടിയായി. പാകിസ്ഥാന്റെ സാമ്പത്തിക അതിജീവനത്തിനായുള്ള നിര്‍ണ്ണായകമായ നീക്കമായിട്ടാണ് സ്വകാര്യവല്‍ക്കരണ നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Also read: