28/03/2026
[fontresizer_tawhidurrahmandear_widget]

തുനീഷ്യയെ തളച്ച് ഫലസ്തീൻ അറബ് കപ്പ് ക്വാർട്ടറിൽ

 തുനീഷ്യയെ തളച്ച് ഫലസ്തീൻ അറബ് കപ്പ് ക്വാർട്ടറിൽ

ദോഹ: റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള തുനീഷ്യക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഫലസ്തീൻ. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് ഫലസ്തീൻ തുനീഷ്യയെ സമനിലയിൽ പൂട്ടിയത്. നേരത്തെ ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ചിരുന്ന ഫലസ്തീന് സിറിയക്കെതിരെ അടുത്ത മത്സരം തോൽക്കാതിരുന്നാൽ ഗ്രൂപ്പ് ചാമ്പ്യൻസ് ആവാം.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ പരാജയ ഭീതിയിൽ നിന്നായിരുന്നു ‘ലയൺസ് ഓഫ് കാനാൻ’ എന്നറിയപ്പെടുന്ന ഫലസ്തീൻ ടീമിന്റെ ഉയിർത്തെഴുന്നേൽപ്പ്. ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകരുടെ പിന്തുണയോടെ കളത്തിലിറങ്ങിയ ഫലസ്തീനെ ഞെട്ടിച്ച് 16-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡർ തൊടുത്ത് അൽ അയൂനി വല കുലുക്കി. ഇടവേള കഴിഞ്ഞെത്തി നാല് മിനിറ്റിനുള്ളിൽ ഫിറാസ് ഷാവോത്ത് രണ്ടാം ഗോളും നേടിയതോടെ കളി ഏകപക്ഷീയമാകുമെന്ന് തോന്നി.

എന്നാൽ, പിന്നീടങ്ങോട്ട് കണ്ടത് ഫലസ്തീന്റെ പോരാട്ടവീര്യമായിരുന്നു. തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ അവർ തുനീഷ്യൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. 61-ാം മിനിറ്റിൽ കരുത്തുറ്റ ഒരു ഷോട്ടിലൂടെ ഹമദ് ഹംദാൻ ഒരു ഗോൾ മടക്കി. 85-ാം മിനിറ്റിൽ സെയ്ദ് ഖുൻബാർ നേടിയ തകർപ്പൻ ഗോളിലൂടെ ഫലസ്തീൻ ഒപ്പമെത്തുകയും ചെയ്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഖുൻബാർ നിർണ്ണായക ഗോൾ നേടുന്നത്.

ഈ സമനിലയോടെ 4 പോയിന്റുമായി ഫലസ്തീൻ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. സിറിയ (3 പോയിന്റ്), ഖത്തർ (2 പോയിന്റ്), തുനീഷ്യ (1 പോയിന്റ്) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ നില. ഞായറാഴ്ച സിറിയക്കെതിരെ നടക്കുന്ന അവസാന മത്സരത്തിൽ സമനില നേടിയാൽ പോലും ഫലസ്തീന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.

“ഇതൊരു സാധാരണ മത്സരമായിരുന്നില്ല, ഞങ്ങളുടെ പോരാട്ടവീര്യത്തിന്റെ തെളിവാണ്. ഗാസയിലെ ജനങ്ങൾക്കും സമാധാനം ആഗ്രഹിക്കുന്ന ഓരോ ഫലസ്തീനികൾക്കും വേണ്ടി ഈ നേട്ടം സമർപ്പിക്കുന്നു,” എന്ന് മത്സരശേഷം ഫലസ്തീൻ ക്യാപ്റ്റൻ ഉദയ് ദബ്ബാഗ് പ്രതികരിച്ചു.

തോൽവിയോടെ 2021-ലെ ഫൈനലിസ്റ്റുകളായ തുനീഷ്യയുടെ നില പരുങ്ങലിലായി. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ചാൽ മാത്രമേ അവർക്ക് ടൂർണമെന്റിൽ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ.

Also read: