‘പോറ്റിയെ കേറ്റിയേ’ പാരഡിയിലെ നടപടിയും പാരയായി? ഒടുവില്‍ യൂടേണ്‍ അടിച്ച് സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിച്ചേക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പരിഹസിക്കുന്നതായിരുന്നു ഗാനം. പാട്ടില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണു പുറത്തുവരുന്ന വിവരം.
പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് പോലീസ് നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്നും സൂചനയുണ്ട്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാട്ടെഴുതിയ പ്രവാസിയായ ജി.പി കുഞ്ഞബ്ദുല്ല, പാടിയ ഡാനിഷ് എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള ആരോപണങ്ങളെ പരാമര്‍ശിച്ചായിരുന്നു പാരഡി. ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നല്‍കിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. സിപിഎം പത്തനംതിട്ട കമ്മിറ്റിയും പാട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളും ഇതിനെ പിന്തുണച്ചു.
ഭക്തിഗാനത്തിന്റെ ഈണം ഉപയോഗിച്ചതുകൊണ്ട് മാത്രം മതവികാരം വ്രണപ്പെടില്ലെന്നും, പാരഡി ഗാനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കാനുള്ള സാധ്യത കുറവാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പിന്മാറുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായ ഗാനം യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.