10/06/2026
[fontresizer_tawhidurrahmandear_widget]

വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷാ അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി

 വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷാ അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് അഞ്ച് വർഷത്തോളം വേദന തിന്നേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷ ജോസഫ് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി. പുന്നപ്ര നാൽപതിൽചിറയിൽ ഉഷാ ജോസഫിന്റെ വീട്ടിലെത്തി അബിൻ വർക്കി തുക ഏറ്റുവാങ്ങി.

2021 മേയ് 12-ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം (ആർട്ടറി ഫോർസെപ്‌സ്) മറന്നുവെച്ചത്. പത്ത് സെന്റീമീറ്ററോളം നീളമുള്ള കത്രികയുമായി അഞ്ച് വർഷത്തോളമാണ് തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ ദുരിതമനുഭവിച്ചത്. തുടർച്ചയായ വയറുവേദനയെത്തുടർന്ന് കഴിഞ്ഞ മാസം നടത്തിയ സ്‌കാനിങ്ങിലാണ് ഉപകരണം കണ്ടെത്തിയത്. പിന്നീട് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആറന്മുളയിൽ മത്സരിക്കുന്ന അബിൻ വർക്കിക്ക് ഉഷയുടെ കുടുംബം തന്നെ തുക നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഈ തുക ഏറ്റുവാങ്ങുമ്പോൾ തന്റെ ഉത്തരവാദിത്തം ഇരട്ടിയാകുന്നതായും, ആരോഗ്യമേഖലയിലെ വീഴ്ചകളുടെ ജീവിക്കുന്ന രക്തസാക്ഷിയുടെ അനുഗ്രഹമാണിതെന്നും അബിൻ വർക്കി പറഞ്ഞു. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി എസ് പ്രഭുകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Also read: