28/03/2026
[fontresizer_tawhidurrahmandear_widget]

‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ

 ‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള മോദിയുടെ ഇച്ഛാശക്തിയെയും പുടിൻ എടുത്തുപറഞ്ഞു. മോദിയെ ഭീഷണിപ്പെടുത്താനോ സമ്മർദ്ദത്തിലാക്കാനോ കഴിയില്ല. ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു തീരുമാനവും എടുക്കാൻ അദ്ദേഹത്തെ നിർബന്ധിക്കാനാവില്ല. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിട്ടും മോദി വഴങ്ങിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയുമായുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചും പുടിൻ വാചാലനായി. നേരത്തെ മോദി മോസ്കോ സന്ദർശിച്ചപ്പോൾ, ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുവരും വസതിയിൽ വെച്ച് ചായ കുടിച്ച് ദീർഘനേരം സംസാരിച്ചിരുന്നത് അദ്ദേഹം അനുസ്മരിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിലെത്തിയ പുടിനെ പ്രധാനമന്ത്രി മോദി വിമാനത്താവളത്തിലെത്തി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ നിർണ്ണായക മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

Also read: