അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ടതിന് പിന്നാലെ ജഡ്ജിക്ക് സ്ഥലംമാറ്റം; വിധിയും സ്റ്റേ ചെയ്ത് രാജസ്ഥാന് ഹൈക്കോടതി
ജയ്പൂര്‍: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് മിന്നല്‍ വേഗത്തില്‍ സ്ഥലം മാറ്റം. ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് വിധി വന്നതിന് പിന്നാലെ ബിയാവറിലെ ജില്ലാ കോടതിയിലേക്ക് മാറ്റി നിയമിച്ചത്. അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കര്‍ഷകരുടെ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത വിധി വന്ന അതേ ദിവസം തന്നെയാണ് ജഡ്ജിക്കെതിരായ നടപടിയുണ്ടായത്. പിന്നാലെ വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
എന്താണ് കേസ്?
ഛത്തീസ്ഗഡിലെ ഹസ്ദിയോ അരണ്ണ് വനമേഖലയിലുള്ള കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ടാണ് കേസ്. രാജസ്ഥാന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉല്‍പ്പാദന കമ്പനിയായ ആര്.ആര്.വി.യു.എന്‍.എല്‍ (RRVUNL)ന് 2007-ലാണ് ഈ കല്‍ക്കരി ബ്ലോക്ക് അനുവദിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ സ്ഥാപനം അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം (Joint Venture) രൂപീകരിക്കുകയും ഖനന ചുമതല അവര്‍ക്ക് കൈമാറുകയും ചെയ്തു. ഈ സംരംഭത്തില്‍ 74 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിനായിരുന്നു.
കോടതി കണ്ടെത്തിയ ക്രമക്കേടുകള്‍
ഖനനം ചെയ്യുന്ന കല്‍ക്കരി റെയില്‍വേ വഴി രാജസ്ഥാനില്‍ എത്തിക്കണമെന്നായിരുന്നു കരാര്‍. ഇതിനായി റെയില്‍വേ സൈഡിംഗുകള്‍ നിര്‍മിക്കേണ്ട ചുമതല അദാനി നയിക്കുന്ന സംയുക്ത സംരംഭത്തിനായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഇത് നിര്‍മ്മിക്കാതെ കല്‍ക്കരി റോഡ് മാര്‍ഗം കടത്തുകയും ഇതിന്റെ ചെലവായ 1,400 കോടിയിലധികം രൂപ രാജസ്ഥാന് സര്‍ക്കാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കുകയും ചെയ്തു.
ഈ തുക വൈകി നല്‍കിയെന്ന് ആരോപിച്ച് അതിന്റെ പലിശ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. എന്നാല്‍ ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്ത ഈ ആവശ്യം തള്ളിക്കളഞ്ഞു. സ്വന്തം വീഴ്ച മൂലം റെയില്‍വേ സൈഡിങ് നിര്‍മിക്കാത്ത കമ്പനി, റോഡ് ഗതാഗതത്തിന്റെ ചിലവ് പോലും സ്വയം വഹിക്കേണ്ടതായിരുന്നുവെന്നും പകരം സര്‍ക്കാര്‍ പണം കൈക്കലാക്കി വീണ്ടും ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെ ബിയാവറിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സാധാരണ നിലയിലുള്ള സ്ഥലം മാറ്റമാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും, അദാനിക്കെതിരെ വിധി വന്ന ദിവസം തന്നെ ഇത്തരമൊരു നടപടിയുണ്ടായത് നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ജഡ്ജിക്കെതിരായ നടപടിക്ക് പിന്നാലെ അദാനി ഗ്രൂപ്പ് നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചു. ഇതോടെ ദിനേഷ് കുമാര്‍ ഗുപ്ത പുറപ്പെടുവിച്ച പിഴയും ഭൂമി തിരിച്ചെടുക്കല്‍ നടപടികളും മരവിപ്പിക്കപ്പെട്ടു.