13/06/2026
[fontresizer_tawhidurrahmandear_widget]

അദാനിക്ക് മൂഡീസിന്റെ ‘ഗ്രീൻ സിഗ്‌നൽ’; നെഗറ്റീവ് ഔട്ട്‌ലുക്ക് മാറി, ഇനി കരുത്തിന്റെ കാലം!

 അദാനിക്ക് മൂഡീസിന്റെ ‘ഗ്രീൻ സിഗ്‌നൽ’; നെഗറ്റീവ് ഔട്ട്‌ലുക്ക് മാറി, ഇനി കരുത്തിന്റെ കാലം!

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിങിൽ നിർണ്ണായക മാറ്റവുമായി പ്രമുഖ ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. ഗ്രൂപ്പിന് കീഴിലുള്ള പ്രധാന കമ്പനികളുടെ ക്രെഡിറ്റ് ഔട്ട്‌ലുക്കാണ് നെഗറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് ഉയർത്തിയത്. അദാനി ട്രാൻസ്മിഷൻ സ്‌റ്റെപ്പ്‌വൺ ലിമിറ്റഡ് (ATSOL), അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് (AEML) എന്നീ കമ്പനികൾക്കാണ് ഈ നേട്ടം.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഈ കമ്പനികൾ മികച്ച സാമ്പത്തിക ഭദ്രതയും ലിക്വിഡിറ്റിയും നിലനിർത്തുമെന്ന പ്രതീക്ഷയാണ് മൂഡീസ് പങ്കുവെക്കുന്നത്. രണ്ട് കമ്പനികളുടെയും Baa3 റേറ്റിങ് ഏജൻസി നിലനിർത്തിയിട്ടുണ്ട്. മികച്ച പ്രവർത്തന ലാഭവും ആസ്തികളുടെ സുരക്ഷിതത്വവുമാണ് റേറ്റിങ് മെച്ചപ്പെടുത്താൻ കാരണമായത്.

അദാനി ഗ്രൂപ്പിന്റെ പോർട്ട് ബിസിനസായ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണും (APSEZ) വരും മാസങ്ങളിൽ ശക്തമായ ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്തുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മുംബൈയിലെ വൈദ്യുതി വിതരണ ശൃംഖലയിൽ നിന്നുള്ള സ്ഥിരമായ വരുമാനവും, സമീപകാലത്തായി കടബാധ്യതകൾ കുറയ്ക്കാൻ ഗ്രൂപ്പ് നടത്തിയ നീക്കങ്ങളും റേറ്റിങിന് കരുത്തായി. അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ മികച്ച പ്രവർത്തന പ്രകടനവും ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വരും വർഷങ്ങളിൽ വൻതോതിലുള്ള നിക്ഷേപങ്ങൾ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെങ്കിലും, സാമ്പത്തിക അച്ചടക്കം പാലിക്കാൻ കമ്പനികൾക്ക് സാധിക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു. എന്നാൽ, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിൽ നിലനിൽക്കുന്ന നിയമനടപടികൾ ഏജൻസി നിരീക്ഷിച്ചു വരികയാണ്. ഈ കേസുകളിൽ ഉണ്ടാകുന്ന പ്രതികൂലമായ ഏതൊരു തീരുമാനവും കമ്പനികളുടെ ഭാവി വളർച്ചയെയും മൂലധന സമാഹരണത്തെയും ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.

രാജ്യത്തിന്റെ സോവറിൻ റേറ്റിങിൽ മാറ്റം വരാതെ അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിങിൽ ഇനി ഒരു അപ്‌ഗ്രേഡ് അസാധ്യമാണെന്ന് മൂഡീസ് വ്യക്തമാക്കി. അതേസമയം, വായ്പാ തിരിച്ചടവ് ശേഷിയിലോ ലിക്വിഡിറ്റിയിലോ ഉണ്ടാകുന്ന കുറവോ, പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നിയമനടപടികളോ ഉണ്ടായാൽ റേറ്റിങ് താഴാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഏജൻസി നൽകുന്നുണ്ട്. എങ്കിലും അടുത്ത 12 മുതൽ 18 മാസക്കാലം കമ്പനികൾ തങ്ങളുടെ മികച്ച സാമ്പത്തിക പ്രൊഫൈൽ നിലനിർത്തുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ.

Also read: