02/06/2026
[fontresizer_tawhidurrahmandear_widget]

ചെലവ് 36,000 കോടി; യുപിയിൽ അദാനി ഗ്രൂപ്പ് നിർമിച്ച എക്‌സ്പ്രസ് വേയിൽ നിരവധി വിള്ളലുകൾ

 ചെലവ് 36,000 കോടി; യുപിയിൽ അദാനി ഗ്രൂപ്പ് നിർമിച്ച എക്‌സ്പ്രസ് വേയിൽ നിരവധി വിള്ളലുകൾ

ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഗംഗാ എക്‌സ്പ്രസ് വേയുടെ നിർമാണ നിലവാരത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. റോഡിന്റെ ഉപരിതലത്തിൽ പ്രത്യക്ഷമായ വിള്ളലുകളും ഇളകിമാറിയ ടാറിങ് ഭാഗങ്ങളും കാണിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. റോഡിലെ തകർന്ന ഭാഗങ്ങളിൽ നിന്നും റോഡിന്റെ അവശിഷ്ടങ്ങൾ കൈകൊണ്ട് തന്നെ എളുപ്പത്തിൽ ഇളക്കി മാറ്റാൻ കഴിയുമെന്നും വീഡിയോയിൽ വ്യക്തമാണ്.

കഴിഞ്ഞ മാസം ഏപ്രിൽ 29-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. 36,000 കോടി ചെലവിൽ നിർമിച്ച 594 കിലോമീറ്റർ നീളമുള്ള ആറുവരി പാതയുടെ 464 കിലോമീറ്ററും നിർമിച്ചത് അദാനി ഗ്രൂപ്പാണ്. മോദി-അദാനി കൂട്ടുക്കെട്ടിൽ വൻ അഴിമതിയാണ് ഈ പദ്ധതിയിൽ നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ‘മോദാനി’ യെന്നും കോൺഗ്രസ് തങ്ങളുടെ എക്‌സ്പ്ലാറ്റ്‌ഫോമിൽ കുറിച്ചു

ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ വൻകിട പദ്ധതിയുടെ ബാക്കി ഭാഗങ്ങൾ ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ പോലുള്ള കമ്പനികളാണ് പൂർത്തിയാക്കിയത്. 2022-ൽ ആരംഭിച്ച നിർമാണം അതിവേഗം പൂർത്തിയാക്കിയാണ് കഴിഞ്ഞ മാസം ഉദ്ഘാടനം നടത്തിയത്. ഈ എക്‌സ്പ്രസ് വേ വഴി യാത്രാസമയം 12 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായി കുറയുമെന്നാണ് കണക്കാക്കുന്നത്.

റോഡ് തുറന്ന് ആഴ്ചകൾക്കകം തന്നെ തകർച്ച നേരിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ജനരോഷമാണ് ഉയരുന്നത്. വൻ തുക മുടക്കി നിർമിച്ച ഒരു പാത ഇത്ര പെട്ടെന്ന് തകരാൻ കാരണം ഭരണാധികാരികളുടെയും വൻകിട കോർപ്പറേറ്റുകളുടെയും വഴിവിട്ട ബന്ധമാണെന്ന് നിരവധി പേർ വിമർശിച്ചു. എന്നാൽ പുതിയ റോഡുകളിൽ തുടക്കത്തിൽ ഉണ്ടാകാനിടയുള്ള ചെറിയ തകരാറുകളോ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളോ ആകാം ഇതെന്നാണ് നിർമാണ വിദഗ്ദ്ധർ വാദിക്കുന്നത്. അതേസമയം, ഉത്തർപ്രദേശ് എക്‌സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും പൊതുജനങ്ങളിൽ സംശയം ശക്തമാണ്.

ഈ വിവാദങ്ങളോട് സർക്കാരോ അദാനി ഗ്രൂപ്പോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എക്‌സ്പ്രസ് വേയിൽ നിലവിൽ ഗതാഗത തടസ്സങ്ങളൊന്നുമില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധിയാളുകൾ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Also read: