06/03/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ഹിന്ദു രാഷ്ട്രമാണ്, ജഗന്നാഥന്റെ മണ്ണില്‍ ക്രിസത്യന്‍ സാധനങ്ങള്‍ വില്‍ക്കരുത്’; ഒഡീഷയില്‍ സാന്റാ തൊപ്പി വിറ്റവര്‍ക്ക് നേരെ ഭീഷണി

 ‘ഇത് ഹിന്ദു രാഷ്ട്രമാണ്, ജഗന്നാഥന്റെ മണ്ണില്‍ ക്രിസത്യന്‍ സാധനങ്ങള്‍ വില്‍ക്കരുത്’; ഒഡീഷയില്‍ സാന്റാ തൊപ്പി വിറ്റവര്‍ക്ക് നേരെ ഭീഷണി

സാന്‍റാ തൊപ്പി വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം(കട: സോഷ്യല്‍ മീഡിയ)

ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യവ്യാപകമായി ക്രിസ്ത്യന്‍വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഒഡീഷയില്‍ ക്രിസ്മസ് സാധനങ്ങള്‍ വിറ്റ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ അതിക്രമം നടന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ‘ഇത് ഹിന്ദു രാഷ്ട്രമാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് സാന്റാക്ലോസ് തൊപ്പിയും മുഖംമൂടിയും വില്‍ക്കുകയായിരുന്നവരെ ഒരാള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒഡീഷയിലെ ഒരു റോഡരികില്‍ സാന്റാ തൊപ്പികള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളെയാണ് ഇയാള്‍ തടഞ്ഞത്. ‘ജഗന്നാഥന്റെ മണ്ണില്‍ എന്തിനാണ് ക്രിസ്ത്യന്‍ സാധനങ്ങള്‍ വില്‍ക്കുന്നത്? ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഇവിടെ ഇത്തരം സാധനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല’ എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്.

‘നിങ്ങള്‍ക്ക് ഇവിടെ ജീവിക്കണോ വേണ്ടയോ?’ എന്ന് ചോദിച്ച് ഇയാള്‍ കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങള്‍ കച്ചവടക്കാരാണെന്നും ഉപജീവനത്തിനായാണ് ഇത് ചെയ്യുന്നതെന്നും യുവാക്കള്‍ മറുപടി നല്‍കുന്നുണ്ടെങ്കിലും ഇയാള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. നിങ്ങള്‍ രാമനവമിയോ ദീപാവലിയോ ആഘോഷിക്കാറുണ്ടോ എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. ഒടുവില്‍ ഭയന്ന കച്ചവടക്കാര്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് കച്ചവടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി.

വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഒഡീഷയില്‍ ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു. ഉപജീവനത്തിനായി കച്ചവടം ചെയ്യുന്ന പാവപ്പെട്ടവരെ മതത്തിന്റെ പേരില്‍ വേട്ടയാടുന്നത് ലജ്ജാകരമാണെന്നും, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വിമര്‍ശനമുയരുന്നുണ്ട്. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചോ എന്നത് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.

Also read: