അസമില്‍ വന്‍ ദുരന്തം: ആനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രാജധാനി എക്സ്പ്രസ്; 7 കാട്ടാനകൾ ചരിഞ്ഞു
ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറി ഏഴ് ആനകൾ ചരിഞ്ഞു. മിസോറാമിലെ സൈരംഗിൽ നിന്നും ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റിയെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്.
ഇന്നലെ പുലർച്ചെ 2.17-ഓടെ ഹൊജായ് ജില്ലയിലെ ജമുനാമുഖ്-കാംപൂർ സെക്ഷനിലെ ചാങ്ജുറായ് ഗ്രാമത്തിലാണു ദാരുണമായ സംഭവം നടന്നത്. പ്രാഥമിക റിപ്പോർട്ടുകളിൽ എട്ട് ആനകൾ ചരിഞ്ഞെന്നായിരുന്നു വിവരമെങ്കിലും, ഏഴ് ആനകൾ ചരിഞ്ഞതായും ഒന്നിന് പരിക്കേറ്റതായും വനംവകുപ്പ് സ്ഥിരീകരിച്ചു. കനത്ത മൂടൽമഞ്ഞാകാം അപകടത്തിന് വഴിവെച്ചതെന്ന് കരുതപ്പെടുന്നു.
അപകടം നടന്നയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാനായില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ വക്താവ് കപിഞ്ചൽ കിഷോർ ശർമ്മ അറിയിച്ചു. ആനകൾ സ്ഥിരമായി സഞ്ചരിക്കുന്ന ‘എലിഫന്റ് കോറിഡോർ’ അല്ലാത്ത മേഖലയിലാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ ആനയ്ക്ക് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സ നൽകിവരികയാണ്. പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കി, തകരാറില്ലാത്ത മറ്റ് കോച്ചുകളുമായി രാവിലെ 6.11-ഓടെ ട്രെയിൻ യാത്ര തുടർന്നു. ഗുവാഹത്തിയിലെത്തിയ ശേഷം അധിക കോച്ചുകൾ ഘടിപ്പിച്ചാകും ഡൽഹിയിലേക്കുള്ള യാത്ര പുനരാരംഭിക്കുക.
യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നതിനായി ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്: 0361-2731621, 2731622, 2731623. അപകടത്തെത്തുടർന്ന് ഈ പാതയിലൂടെയുള്ള മറ്റ് ട്രെയിനുകൾ താത്കാലികമായി വഴിതിരിച്ചുവിട്ടു.