‘കുട്ടികളെ കൊന്നൊടുക്കി എങ്ങനെ ഉറങ്ങുന്നു, നെതന്യാഹു!’; ഗസ്സ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധത്തീയായി ഓസ്ട്രേലിയന്‍ ഗായിക അയ മേയുടെ പാട്ട്
സിഡ്നി: ഓസ്ട്രേലിയന്‍ ഗായിക അയ മേയുടെ പുതിയ പ്രതിഷേധ ഗാനവും, അറബ് ഫിലിം ഫെസ്റ്റിവലില്‍ ‘ഫലസ്തീന്‍ 36’ എന്ന സിനിമ നേടിയ അംഗീകാരവും ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഗസ്സ വംശഹത്യയ്‌ക്കെതിരെ കലയിലൂടെ ശക്തമായ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന രണ്ട് കലാരൂപങ്ങളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് അയ മേ പുറത്തിറക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘മിസ്റ്റര്‍ ബിബി, കുട്ടികളെ കൊന്നൊടുക്കി താങ്കള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?'(Mr. Bibi, how do you sleep?) എന്ന വരികളിലൂടെ ഗസ്സയിലെ വംശഹത്യയെ അവര്‍ ചോദ്യം ചെയ്യുന്നു. സംഗീത വ്യവസായത്തില്‍ നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടിട്ടും, കരാറുകള്‍ ഉപേക്ഷിച്ച് സത്യം വിളിച്ചുപറയാന്‍ താന്‍ തയ്യാറാണെന്ന് അയ മേ വ്യക്തമാക്കി. ‘ആകാശത്തുനിന്ന് ആലിപ്പഴം പോലെ ബോംബുകള്‍ വര്‍ഷിക്കുന്നു, ഒരു രാജ്യം ഒന്നാകെ തുടച്ചുനീക്കപ്പെടുന്നു’ തുടങ്ങിയ വരികള്‍ ഗസ്സയിലെ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാവുന്നു.
അതേസമയം, സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന 2025-ലെ അറബ് ഫിലിം ഫെസ്റ്റിവലില്‍ (എഎഫ്എഫ്) പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരം ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘ഫലസ്തീന്‍ 36’ സ്വന്തമാക്കി. 1936-ലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം, ചരിത്രവും വര്‍ത്തമാനവും തമ്മിലുള്ള ബന്ധത്തെ ഓര്‍മിപ്പിക്കുന്നു. ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഫലസ്തീന്റെ ഔദ്യോഗിക എന്‍ട്രി കൂടിയാണിത്.
ഗസ്സയിലെ വെടിനിര്‍ത്തലിനുശേഷവും, ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്.