27/01/2026

തമിഴ്നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ വെട്ടിനിരത്തല്‍; എസ്‌ഐആറില്‍ പുറത്തായത് 97 ലക്ഷം പേര്‍; ചെന്നൈയില്‍ മാത്രം 14.25 ലക്ഷം

 തമിഴ്നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ വെട്ടിനിരത്തല്‍; എസ്‌ഐആറില്‍ പുറത്തായത് 97 ലക്ഷം പേര്‍; ചെന്നൈയില്‍ മാത്രം 14.25 ലക്ഷം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്ക് ശേഷം അന്തിമ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തുടനീളമുള്ള 97 ലക്ഷത്തിലധികം വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ചെന്നൈ നഗരത്തില്‍ മാത്രം 14.25 ലക്ഷം പേര്‍ക്ക് വോട്ട് നഷ്ടമായി.

പുതിയ കണക്ക് പ്രകാരം ആകെ 5.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഇത് 6.41 കോടി ആയിരുന്നു. ഇതില്‍ പുരുഷന്മാര്‍ 2.66 കോടിയും സ്ത്രീകള്‍ 2.77 കോടിയും ട്രാന്‍സ്ജെന്‍ഡറുകള്‍ 7,191 ഉം വരും.

ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍:

സ്ഥലം മാറിപ്പോയവര്‍: 66.44 ലക്ഷം.

മരിച്ചവര്‍: 26.94 ലക്ഷം.

ഇരട്ട വോട്ടുകള്‍: 3.39 ലക്ഷം.

ചെന്നൈയിലെ കണക്ക്: ഏറ്റവും കൂടുതല്‍ പേരെ നീക്കം ചെയ്തത് ചെന്നൈ ജില്ലയിലാണ് – 14.25 ലക്ഷം. ഇതോടെ ചെന്നൈയിലെ വോട്ടര്‍മാരുടെ എണ്ണം 40.04 ലക്ഷത്തില്‍ നിന്ന് 25.79 ലക്ഷമായി ചുരുങ്ങി. മരിച്ചവര്‍ (1.56 ലക്ഷം), സ്ഥലം മാറിയവര്‍ (12.22 ലക്ഷം) എന്നിവരെയാണ് പ്രധാനമായും ഒഴിവാക്കിയത്.

എസ്‌ഐആര്‍ നടപടിക്കെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള ഭരണകക്ഷി രംഗത്തുവന്നിരുന്നു. എന്നാല്‍, അര്‍ഹരായ ആരെയും ഏകപക്ഷീയമായി ഒഴിവാക്കിയിട്ടില്ലെന്നും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പേരുകള്‍ നീക്കം ചെയ്തതെന്നും തമിഴ്നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. കരട് പട്ടികയിന്മേല്‍ പരാതിയുള്ളവര്‍ക്ക് ജനുവരി 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫെബ്രുവരി 14-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

Also read: