ദക്ഷിണ റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം: 65 ട്രെയിനുകള്‍ നാളെ മുതല്‍ മിന്നല്‍ വേഗത്തില്‍; ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം കുറയും
ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളുടെ യാത്രാസമയം കുറയും. ട്രാക്ക് നവീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയായതോടെ നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ ടൈംടേബിള്‍ പ്രകാരം 65 ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതോടെ കേരളത്തിലേതടക്കം പ്രധാന ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം ഗണ്യമായി കുറയും.
പുതിയ പരിഷ്‌കാരം അനുസരിച്ച് കൊല്ലം-താംബരം എക്‌സ്പ്രസ് 85 മിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്തെത്തും. നാഗര്‍കോവില്‍-താംബരം എക്‌സ്പ്രസ് 50 മിനിറ്റും, ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 20 മിനിറ്റും വേഗത്തിലാകും. തൂത്തുക്കുടി-ചെന്നൈ പേള്‍ സിറ്റി എക്‌സ്പ്രസിന്റെ യാത്രാസമയത്തില്‍ 30 മിനിറ്റിന്റെ കുറവുണ്ടാകും. കന്യാകുമാരി-നാഗര്‍കോവില്‍ തിരുവനന്തപുരം പാതയിലെ ഇരട്ടിപ്പിക്കല്‍ ജോലികളും ചെങ്കോട്ട-കൊല്ലം പാതയിലെ വൈദ്യുതീകരണവും പൂര്‍ത്തിയായതാണ് നേട്ടത്തിന് പ്രധാനമായും വഴിയൊരുക്കിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റെയില്‍വേ നടത്തിവന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഗുണഫലമാണ് മാറ്റമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മിക്കയിടങ്ങളിലും ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വരെയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുറമെ 14 പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വില്ലുപുരം-മധുര പാതയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ യാത്രാസമയത്തില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.