27/03/2026
[fontresizer_tawhidurrahmandear_widget]

ചിരിയും ചിന്തയും ബാക്കി; ഇതിഹാസ കലാകാരന്‍ ശ്രീനിവാസന് വിടചൊല്ലി നാട്

 ചിരിയും ചിന്തയും ബാക്കി; ഇതിഹാസ കലാകാരന്‍ ശ്രീനിവാസന് വിടചൊല്ലി നാട്

കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ മാനങ്ങള്‍ സമ്മാനിച്ച ഇതിഹാസ കലാകാരന്‍ ശ്രീനിവാസന് വിട. ഉദയംപേരൂര്‍ കണ്ടനാട്ടെ വസതിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്ന് രാവിലെ 11.50യോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

ശനിയാഴ്ച രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും വസതിയിലുമായി നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ തുടങ്ങി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരമര്‍പ്പിക്കാനെത്തിയിരുന്നു.

ഇന്ന് രാവിലെ വസതിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സിനിമാലോകത്തെ സഹപ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരമര്‍പ്പിച്ചു.

സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ശ്രീനിവാസന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു. ‘സന്ദേശം’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം കോറിയിട്ട സാമൂഹിക വിമര്‍ശനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. പ്രിയപ്പെട്ട ‘ശ്രീനിയേട്ടന്‍’ ഇനി ചിരിയോര്‍മകള്‍ മാത്രം.

Also read: