27/01/2026

ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയുടെ ദീർഘായുസ്സിന്റെ രഹസ്യം ഈ ഭക്ഷണശീലത്തിലുണ്ട്

 ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയുടെ ദീർഘായുസ്സിന്റെ രഹസ്യം ഈ ഭക്ഷണശീലത്തിലുണ്ട്

മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സ്പാനിഷ് വനിത മരിയ ബ്രന്യാസ് മൊറേരയുടെ (117) ദീർഘായുസ്സിന് പിന്നിലെ രഹസ്യം തേടിയുള്ള ഗവേഷകരുടെ പഠനം ചെന്നെത്തിയത് തികച്ചും ലളിതമായ ഒരു ഭക്ഷണശീലത്തിൽ. വിലകൂടിയ ‘സൂപ്പർ ഫുഡുകളോ’ മരുന്നുകളോ അല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ തൈര് (Yogurt) ആണ് മരിയയെ 117-ാം വയസ്സിലും ഊർജ്ജസ്വലയായി നിലനിർത്തിയതെന്നാണ് കണ്ടെത്തൽ.

1907-ൽ ജനിച്ച മരിയ, തന്റെ ജീവിതത്തിന്റെ അവസാന 20 വർഷക്കാലം ദിവസവും ഒരു നേരമെങ്കിലും തൈര് കഴിക്കുന്നത് ശീലമാക്കിയിരുന്നു. കൃത്രിമ മധുരങ്ങളോ ഫ്ലേവറുകളോ ചേർക്കാത്ത പ്രകൃതിദത്തമായ തൈരായിരുന്നു അവരുടെ ഇഷ്ടവിഭവം. മരിയയുടെ ഈ ശീലം അവരുടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

സാധാരണയായി പ്രായമാകുമ്പോൾ മനുഷ്യശരീരത്തിൽ നിന്ന് ‘ബിഫിഡോബാക്ടീരിയം’ (Bifidobacterium) പോലുള്ള നല്ല ബാക്ടീരിയകൾ അപ്രത്യക്ഷമാകാറുണ്ട്. എന്നാൽ മരിയയുടെ കാര്യത്തിൽ, കുടലിലെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം യുവാക്കളുടേതിന് തുല്യമായിരുന്നു.

തൈരിലെ പ്രോബയോട്ടിക്‌സ് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വാർദ്ധക്യസഹജമായ വീക്കം (Inflammation), അണുബാധകൾ എന്നിവയെ തടയുകയും ചെയ്തു.

തൈരിനൊപ്പം പോഷകസമൃദ്ധമായ മെഡിറ്ററേനിയൻ ഭക്ഷണരീതിയും, മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങൾ ഇല്ലാത്തതും, മികച്ച ജനിതകഘടനയും (Genetics) മരിയയുടെ ആരോഗ്യത്തിന് തുണയായി. ദീർഘായുസ്സ് ആഗ്രഹിക്കുന്നവർക്ക് വിലപിടിപ്പുള്ള ഭക്ഷണങ്ങളെക്കാൾ ഉപകരിക്കുക തൈര് പോലുള്ള ലളിതമായ ഭക്ഷണശീലങ്ങളാണെന്ന് മരിയയുടെ ജീവിതം തെളിയിക്കുന്നു.

Also read: