എല്‍.ഡി.എഫ് കോട്ടകളില്‍ കടന്നുകയറി യു.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍
യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്‍പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്.
അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒതുങ്ങിയിരിയ്ക്കുകയാണ്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നു. 192 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ജയിച്ചു. 157 ഇടത്ത് എല്‍ഡിഫും 44 ഇടത്ത് എന്‍ഡിഎയും മറ്റുള്ളവര്‍ 32 ഇടത്തും ജയിച്ചു. 349 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 308 ഇടത്ത് യുഡിഎഫും 31 എന്‍ഡിഎയും 17 മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 93 ഗ്രാമപഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ബ്ലോക്കുപഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. 71 ഇടത്ത് എല്‍ഡിഎഫും 63 ഇടത്ത് യുഡിഎഫും മുന്നേറ്റം തുടരുന്നു. എന്‍ഡിഎ 13 ഇടത്തും ഒരിടത്ത് സ്വതന്ത്രനും മുന്നേറുകയാണ്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ഏഴിടത്ത് യുഡിഎഫ് ആധിപത്യം തുടരുമ്പോള്‍ ആറിടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 46 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. 30 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു.