‘മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യം, ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു’; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: മലപ്പുറം ജില്ലയ്ക്കും മുസ്‌ലിം ലീഗിനുമെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം ലീഗ് ഒരു ‘മലപ്പുറം പാര്‍ട്ടി’യാണെന്നും സംസ്ഥാനത്തെ വിഭവങ്ങള്‍ മുഴുവന്‍ മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്ന് മലപ്പുറത്ത് സംസ്ഥാനം വേണമെന്ന് പോലും പറഞ്ഞവരാണ് അവരെന്നും ആരോപിച്ച വെള്ളാപ്പള്ളി, മലപ്പുറത്തെക്കുറിച്ച് പറഞ്ഞ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി.
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദി എന്നാണ് എന്നെ കുറിച്ച് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്. എന്നെ ദേശീയവാദിയായി അവര്‍ തന്നെ കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഗീയവാദി ആക്കിയതിന്റെ ചരിത്രം കേരളം അറിയണം. എനിക്ക് ജാതി ചിന്ത ഇല്ല. ജാതി വിവേചനം ചൂണ്ടിക്കാണിക്കും. അര്‍ഹത ചോദിച്ചു വാങ്ങുന്നത് ജാതി പറയലല്ല.’-വെള്ളാപ്പള്ളി ആരോപിച്ചു.
മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. മുസ്‌ലിം ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു. സ്വദേശ പണവും വിദേശ പണവും അവര്‍ക്കുണ്ട്. മലപ്പുറത്ത് സംസ്ഥാനം വേണമെന്ന് പോലും പറഞ്ഞവരാണവര്‍. അവരുടെ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും വരുമ്പോള്‍ അതിനനുസരിച്ച് നില്‍ക്കാത്തവര്‍ക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കാര്‍ വിവാദവും പാണക്കാട് തങ്ങളുടെ തലയില്‍വയ്ക്കാന്‍ ശ്രമിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. അവരുടെ ആത്മീയാചാര്യന്‍, തങ്ങളുടെ കാറില്‍ എത്ര മുസ്ലിംകളല്ലാത്തവരെ കയറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു.