ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’; എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് അറസ്റ്റിലായ വിജയകുമാറിന്റെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്ത്. എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്നും സഖാവായ അദ്ദേഹത്തെ വിശ്വസിച്ച് രേഖകൾ വായിച്ചു നോക്കാതെ ഒപ്പിടുകയായിരുന്നു എന്നുമാണ് വിജയകുമാറിന്റെ മൊഴി.
പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വർണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോർഡ് യോഗത്തിൽ പത്മകുമാർ അവതരിപ്പിച്ചപ്പോൾ ഫയലുകൾ പരിശോധിക്കാതെ താൻ ഒപ്പിട്ടു നൽകി. കാര്യങ്ങൾ വിശദീകരിക്കാൻ പത്മകുമാറിന് അറിയാമായിരുന്നു. ഒളിവിലായിരുന്നപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്നും, ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് കീഴടങ്ങിയതെന്നും മൊഴിയിൽ പറയുന്നുണ്ട്. സർക്കാരിന് നാണക്കേടുണ്ടാകാതിരിക്കാനാണ് താൻ കോടതിയിൽ എത്തിയതെന്നും വിജയകുമാർ വ്യക്തമാക്കി.
എസ്‌ഐടി കോടതിയിൽ നൽകിയ റിപ്പോർട്ട് വിജയകുമാർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ബോധപൂർവ്വം വീഴ്ച വരുത്തിയതായി പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. മുഖ്യപ്രതി പോറ്റിക്ക് അന്യായ ലാഭമുണ്ടാക്കാൻ ദേവസ്വം മാന്വലിൽ ഉൾപ്പെടെ തിരുത്തലുകൾ വരുത്തി. മിനിറ്റ്‌സിലെ തിരുത്തലുകളെക്കുറിച്ച് പത്മകുമാർ മറ്റു അംഗങ്ങളെ അറിയിച്ചിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഇവർ അഴിമതിക്ക് കൂട്ടുനിന്നതെന്നും റിപ്പോർട്ടിലുണ്ട്. കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയും ദ്വാരപാലക ശില്പ കേസിൽ പതിനഞ്ചാം പ്രതിയുമാണ് വിജയകുമാർ.